എനിക്ക് എന്നെങ്കിലും ഈ യാത്ര അവസാനിപ്പിക്കണമല്ലോ... തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തെരഞ്ഞെടുപ്പായായിരിക്കും ഇത്തവണത്തെ മഹാരാഷ്ട്ര യുദ്ധമെന്ന സൂചന ശരദ് പവാർ നേരത്തെ നൽകിയിരുന്നു. എന്നാൽ മഹാവികാസ് അഘാഡി സഖ്യത്തിനും എൻസിപി ശരദ് പവാർ വിഭാഗത്തിനും കനത്ത പ്രഹരം നൽകികൊണ്ടായിരുന്നു മഹായുതി സഖ്യത്തിൻ്റെ ജയം. മഹാ വികാസ് സഖ്യത്തിന് നൽകിയ തോൽവിയിലൂടെ തങ്ങളുടെ യഥാർഥ എൻസിപി, അജിത് പവാർ വിഭാഗമാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മഹാരാഷ്ട്ര. 60 വർഷത്തോളം സേവനമനുഷ്ഠിച്ച മഹാരാഷ്ട്ര, ആ 83കാരന് ഇത്തരമൊരു വിധി നൽകിയത് ശരദിൻ്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുകയാണെന്നത് തന്നെയാണ് വ്യക്തമാക്കുന്നത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ, 230 സീറ്റുകളെന്ന മാജിക് സംഖ്യയിലാണ് മഹായുതി സഖ്യം എത്തിച്ചേർന്നിരിക്കുന്നത്. അതായത് മഹാരാഷ്ട്രയിലെ 80ശതമാനം സീറ്റുകളിലും മഹായുതി ശക്തി തെളിയിച്ചു. 288 സീറ്റുകളിലേക്കുള്ള മത്സരത്തിൽ മഹാവികാസ് സഖ്യത്തിനാവട്ടെ വെറും 45 സീറ്റുകളിൽ മാത്രമാണ് മുന്നിട്ടുനിൽക്കാൻ കഴിഞ്ഞത്. ഒരുപക്ഷേ മഹാരാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് മഹാവികാസ് അഘാഡി സഖ്യം ഏറ്റുവാങ്ങിയത്.
ശരദിൻ്റെ അഭിമാന പോരാട്ടം
ശരദ് പവാറിനെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഒരു മത്സരം മാത്രമായിരുന്നില്ല, മറിച്ച് ഒരു നേതാവെന്ന നിലയിലെ പാരമ്പര്യത്തിൻ്റെ ഹിതപരിശോധനയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകളിൽ 30 നേടിയ വിജയം, നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന വിശ്വാസം മഹാവികാസ് സഖ്യത്തിനുണ്ടായിരുന്നു. മികച്ച വിജയം തന്നെ മുന്നിൽ കണ്ട് തെരഞ്ഞടുപ്പ് റാലികളിലെല്ലാം ശരദും, രാഹുൽ ഗാന്ധിയും ഉദ്ധവ് താക്കറെയുമെല്ലാം നിറഞ്ഞു നിന്നു.
ALSO READ: മറാത്താ ശക്തർ ഇനി പിന്‍സീറ്റിലേക്ക്; ജനവിധിയിൽ തകർന്നടിഞ്ഞ് മഹാവികാസ് അഘാഡി
തന്നെയും തന്‍റെ പാര്‍ട്ടിയെയും പിന്നിൽ നിന്ന് കുത്തിയ എല്ലാവരെയും പരാജയപ്പെടുത്തണമെന്നായിരുന്നു മാധയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് ശരദ് പവാർ പ്രഖ്യാപിച്ചത്. 1967ൽ 27ാം വയസിൽ ബരാമതിയിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും, 38ാം വയസിൽ മഹാരാഷ്ട്രയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിലെ പ്രധാന മുഖമായി കഴിഞ്ഞിരുന്നു ശരദ് പവാർ. ഇന്ത്യക്ക് ലഭിക്കാതെ പോയ ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്നായിരുന്നു ശരദ് പവാറിന് രാഷ്ട്രീയ നിരീക്ഷകർ നൽകിയിരുന്ന പേര്. എന്ന് തൊട്ടായിരിക്കും ശരദ് പവാറിന് തൻ്റെ പ്രതാപം നഷ്ടപ്പെടാൻ തുടങ്ങിയത്?
എൻസിപി പിളർപ്പ്- മഹായുദ്ധത്തിലെ പ്രധാന അധ്യായം
മഹാഭാരത കഥയെ വിസ്മരിക്കും വിധമുള്ള കഥ തന്നെയാണ് മഹാരാഷ്ട്രയ്ക്കും പറയാനുള്ളത്. പദവികളും സ്ഥാനങ്ങളും മോഹിച്ച് പലരും പല വഴിക്ക് പോയ രാഷ്ട്രീയയുദ്ധത്തിൽ, സ്വന്തം ശക്തി തെളിയുക്കുകയെന്നത് എല്ലാ പാർട്ടികൾക്കും അനിവാര്യമായിരുന്നു. സ്ഥാനമോഹത്താൽ തന്നെ കോൺഗ്രസ് വിട്ട് ശരദ് പവാർ പടുത്തുയർത്തിയ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ഉടലെടുത്ത സംഘർഷങ്ങൾക്ക് അത്ര പ്രായമില്ല.
ജൂലൈ 2, 2023. അന്നായിരുന്നു മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതി നാടകീയ രംഗം അരങ്ങേറിയത്. "ഞാൻ അഞ്ച് തവണ ഉപമുഖ്യമന്ത്രിയായി, ഇനി എനിക്ക് മുഖ്യമന്ത്രിയാകണം, ജനങ്ങളെ സേവിക്കണം", ഇങ്ങനെ പ്രഖ്യാപിച്ച് ശരദിൻ്റെ മരുമകൻ അജിത് പവാർ പാർട്ടി വിട്ടു. ശരദ് തൻ്റെ മകൾ സുപ്രിയ സുലേയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നെന്ന ആരോപണവും അജിത് ഉയർത്തി. മറ്റൊരാൾക്ക് ജനിച്ചെന്നതാണോ ഞാൻ ചെയ്ത തെറ്റെന്നുമായിരുന്നു അമ്മാവൻ ശരദ് പവാറിനോട് അന്ന് അജിത് ചോദിച്ചത്.
പാർട്ടി വിട്ട അജിത്, ഏക്നാഥ് ഷിൻഡെ- ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിൻ്റെ കൂട്ടുപിടിച്ച് എൻസിപി അജിത് പവാർ വിഭാഗം രൂപീകരിച്ചു. അജിത് തൻ്റെ കരുത്ത് കാട്ടിയപ്പോൾ, എൻസിപി സ്ഥാപകനായ ശരദ് പവാറിന് പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും വരെ നഷ്ടപ്പെട്ടു. മഹായുതിക്കൊപ്പം ചേർന്ന അജിത് പവാറിന് കാലിടറിയത് ആറ് മാസം മുൻപ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ്. ആ തോൽവി തന്നെയായിരിക്കണം ശരദിന് കൂടുതൽ ആത്മവിശ്വാസം നൽകിയതും. എന്നാൽ പിന്നിൽ നിന്ന് കുത്തിയവരെയെല്ലാം പരാജയപ്പെടുത്തണമെന്ന ശരദിൻ്റെ തെരഞ്ഞെടുപ്പ് ആഹ്വാനവും മൂല്യഹീനമാവുന്ന കാഴ്ചയാണ് ഇത്തവണയുണ്ടായത്.
അജിത് പവാറെന്ന രാഷ്ട്രീയക്കാരൻ്റെ ശക്തി തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നത്. അമ്മാവൻ ശരദ് പവാറുമായി ഏറ്റുമുട്ടിയ 43 മണ്ഡലങ്ങളിൽ 29 എണ്ണത്തിലും അജിത് പവാർ വിഭാഗം മുന്നിലെത്തി.
ശരദിൻ്റെ ഭാവിയെന്ത്?
2019-ൽ ശിവസേന, കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളെ മഹാ വികാസ് അഘാഡിക്ക് കീഴിൽ ഒന്നിപ്പിക്കാൻ ശരദിന് കഴിഞ്ഞെങ്കിൽ അതിന് കാരണം ഒന്ന് മാത്രമായിരുന്നു, ദീർഘകാല രാഷ്ട്രീയാനുഭവത്തിൽ നിന്നും അദ്ദേഹത്തിന് ലഭിച്ച കൂട്ടുകെട്ടുകൾ. അന്ന് കോരിച്ചൊരിയുന്ന മഴയിൽ സതാരയിലെ തെരഞ്ഞെടുപ്പ് വേദിയിൽ നിന്ന് ശരദ് നടത്തിയ പ്രസംഗവും മഹാരാഷ്ട്ര മറക്കില്ല.
പുതിയ തലമുറയ്ക്ക് നേതൃത്വം നൽകാൻ സമയമായെന്ന് പ്രഖ്യാപിച്ചായിരുന്നു ശരദ് വിരമിക്കൽ സൂചന നൽകിയത്. 2026ൽ ഭരണ കാലാവധി കഴിയുന്നതോടെ വിരമിക്കുമെന്നായിരുന്നു ശരദിൻ്റെ പ്രഖ്യാപനം. ഇനി മഹാരഷ്ട്രയിൽ ഒരു രാഷ്ട്രീയ പോരാട്ടത്തിന് ശരദ് മുൻനിരയിലുണ്ടായേക്കില്ല. എന്നാൽ അയാൾ പടുത്തുയർത്തിയ എൻസിപി ഇനിയും രാഷ്ട്രീയമുഖത്തുണ്ടായിരിക്കും.
അമ്മാവനെ തോൽപിച്ച്, യഥാർഥ എൻസിപി തൻ്റേതാണെന്ന് തെളിയിച്ച് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് അജിത് പവാർ. ശരദിൻ്റെ വിരമിക്കലിന് പിന്നാലെ അജിത് പവാറിൻ്റെ നേതൃത്വത്തിൽ ഒരു പുതിയ എൻസിപി യുഗത്തിൻ്റെ തുടക്കത്തിനായിരിക്കും മഹാരാഷ്ട്ര സാക്ഷിയാവുക.