പുക ശ്വസിച്ചാണ് മരണമെന്നും ഇതില്‍ അസ്വാഭാവികതയുണ്ടെന്നും രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും അടക്കം ആരോപിച്ചിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പുക ഉയര്‍ന്നതിന് പിന്നാലെ മരിച്ച രോഗികളുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൂന്നു പേരുടെ മരണം പുക ശ്വസിച്ചല്ലെന്നും രണ്ട് പേര്‍ മരിച്ചത് ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നാണെന്നും പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ എന്നിവരുടെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഗോപാലൻ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഇവരുടെ ആന്തരിക അവയവങ്ങൾ കൂടുതൽ പരിശോധനക്ക് അയക്കും.
കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതിന് പിന്നാലെ രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ അഞ്ചോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പുക ശ്വസിച്ചാണ് മരണമെന്നും ഇതില്‍ അസ്വാഭാവികതയുണ്ടെന്നും രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും അടക്കം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്‍മോര്‍ട്ടം നടത്താന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്.
ALSO READ: മെഡിക്കൽ കോളേജിലെ അപകടം: സാങ്കേതികമായ അന്വേഷണം ആരംഭിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
മരിച്ചവരുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തന്നെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരുന്നു. മരിച്ചവര്‍ നേരത്തെ തന്നെ അതീവ ഗുരുതരാവസ്ഥയിലായിരുന്നവര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ നിന്നും പുക ഉയര്‍ന്നത്. എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.