കളക്ടറുടെ മൊഴി വ്യാജമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം അറിയിച്ചു
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. തലശേരി സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. വാദത്തിനിടെ പൊലീസിനെ വിമർശിച്ചിട്ടില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
പ്രത്യേക അന്വേഷണ സംഘം മൊഴിയെടുക്കാത്തതിനെയാണ് കുറ്റപ്പെടുത്തിയത്. വാദത്തിനിടെ നവീൻ കുമാർ കൈക്കൂലിക്കാരനെന്ന് സ്ഥാപിക്കാൻ പി.പി. ദിവ്യ തെളിവ് നിരത്തി. അതേസമയം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിയെന്ന് പി.പി. ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വൻ പറഞ്ഞു.
എഡിഎം വിളിച്ച് പള്ളിക്കുന്നിലേക്ക് വരാൻ ആവശ്യപ്പെട്ടെന്ന് പ്രശാന്ത് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും കണ്ടെന്നതിന് തെളിവുണ്ടെന്നും, ഇരുവരും കണ്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കി വാദിച്ചു. കൈക്കൂലി നൽകിയതിനാണ് പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നും ഇതിൻ്റെ ദൃശ്യങ്ങൾ കെടിഡിസിയുടെ ഹോട്ടലിൽ നിന്ന് ശേഖരിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. അഞ്ചാം തീയ്യതി പ്രശാന്ത് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്പയെടുത്തതും ആറാം തീയ്യതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ.കെ.വിശ്വൻ കോടതിയിൽ ആവശ്യപ്പെട്ടത്. കളക്ടറോട് നടത്തിയ കുറ്റസമ്മതം പ്രസക്തമാണെന്നും കെ. വിശ്വൻ പറഞ്ഞു.
19ാം വയസിൽ സർവീസിൽ പ്രവേശിച്ച നവീൻ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഉണ്ടായിട്ടേയില്ല. ആരോപണം ഉയർന്ന കണ്ണൂരിലെ ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നൽകിയെന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
അതേസമയം, കളക്ടറുടെ മൊഴി വ്യാജമെന്ന് നവീൻ ബാബുവിൻ്റെ കുടുംബം അറിയിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കുടുംബത്തിന്റെ അഭിഭാഷകനും പറഞ്ഞു. എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബം വാദിച്ചു. എഡിഎമ്മിൻ്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല. ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന വാദം തെറ്റാണ്.
സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണം എന്ന് പറഞ്ഞു വരുമ്പോൾ ജില്ലാ പഞ്ചായത്ത് ആധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. 14ാം തിയ്യതി വരെ ഫയലിൽ അനുമതി വൈകിപ്പിച്ചു എന്നാണ് ദിവ്യ പറഞ്ഞിരുന്നത്. ദിവ്യ കീഴടങ്ങിയത് നന്നായി. അല്ലങ്കിൽ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടർന്നേനെ. കളക്ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കളക്ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.