
"വയനാട്ടിലെ ജനങ്ങൾ എന്നെ അത്ഭുതകരമായി സ്നേഹിച്ചിട്ടുണ്ട്. അതിനാൽ ഇവിടം വിട്ടുപോകുന്നത് അത്ര എളുപ്പമല്ല. വലിയ എതിർപ്പുകൾ തനിക്ക് നേരെ ഉയർന്നപ്പോഴെല്ലാം വയനാട്ടിലെ ജനങ്ങൾ എന്നോടൊപ്പം ഉറച്ചുനിന്നിരുന്നു. അത് എന്നും നന്ദിയോടെ ഓർക്കും. വയനാട്ടിലെ ജനങ്ങൾക്ക് എൻ്റെ സഹോദരിയേക്കാൾ മികച്ച ഒരു ജനപ്രതിനിധിയെ എനിക്ക് സങ്കൽപ്പിക്കാനാകില്ല."
ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി തനിക്ക് നൽകിയ സ്നേഹത്തിന് വയനാട്ടിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സംസാരിച്ചത് ഇങ്ങനെയാണ്. മോശം കാലഘട്ടത്തിലും സഹോദരൻ രാഹുലിനൊപ്പം നിന്ന വയനാട്ടിലെ ജനങ്ങൾക്ക് പ്രിയങ്കയും നന്ദി പറഞ്ഞു. വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക തെരഞ്ഞെടുപ്പ് റാലികളിൽ ആവർത്തിച്ചു.
രണ്ടാം പ്രിയദർശിനി ആകാൻ ഒരുങ്ങിയിറങ്ങിയ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ വെന്നിക്കൊടി നാട്ടിയിരിക്കുകയാണ്. സർവകാല റെക്കോർഡ് ലക്ഷ്യം വെച്ച് കളത്തിലിറങ്ങിയ അവർക്ക് അതിൽ കുറഞ്ഞതിലൊന്നും തൃപ്തിപ്പെടാൻ കഴിയുമായിരുന്നില്ല. ഇക്കാലമത്രയും വയനാട്ടുകാർ കോൺഗ്രസിന് അത്ര വലിയ പിന്തുണയായിരുന്നു നൽകി പോന്നിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ഗോദയിലെ തൻ്റെ കന്നിയങ്കം കുറിക്കാൻ കേരളത്തിലെ വയനാട് തന്നെ തെരഞ്ഞെടുത്ത പ്രിയങ്കാ ഗാന്ധി ലക്ഷ്യമിട്ടത് വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ച്, വയനാട്ടുകാരുടെ സമൃദ്ധിക്ക് വേണ്ടി പോരാടുകയോ? അതോ ഗാന്ധി കുടുംബം ഇക്കാലമത്രയും സ്വീകരിച്ച് പോന്ന പോലെ ഒരു സുരക്ഷിത താവളത്തിൽ നിലയുറപ്പിക്കുകയോ?
'ഇന്ദിരാ സ്റ്റൈൽ' പിന്തുടർന്ന ഗാന്ധി കുടുംബം
ഗാന്ധി കുടുംബം തെരഞ്ഞെടുപ്പുകളിൽ സുരക്ഷിത മണ്ഡലം തെരഞ്ഞെടുത്ത് മത്സരിക്കുന്ന രീതി രാഹുൽ ഗാന്ധിയിൽ തുടങ്ങിയതല്ല. ആ ചോദ്യത്തിന് ഉത്തരം തേടാൻ ശ്രമിക്കുമ്പോഴൊക്കെയും ആദ്യം ചെന്നെത്തുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിൻ്റെ മകളും, ആദ്യ വനിതാ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധിയിലേക്കാണ്. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ പരാജയഭീതി മുന്നിൽ കണ്ട ഇന്ദിരയ്ക്ക് തുണയായത് അന്ന് ദക്ഷിണേന്ത്യയാണ്.
1977ൽ അടിയന്തരാവസ്ഥ പിൻവലിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അടിപതറി. റായ്ബറേലിയിൽ രാജ് നാരായണനോട് തോൽവി ഏറ്റുവാങ്ങിയ ശേഷം ഇന്ദിരാ ഗാന്ധിയുടെ കണ്ണുകളുടക്കിയത് ദക്ഷിണേന്ത്യയിലെ സുരക്ഷിത കോൺഗ്രസ് മണ്ഡലത്തിലാണ്. 1978ലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കർണാടകയിലെ ചിക്കമംഗ്ലൂരുവിൽ എത്തിയ ഇന്ദിരാഗാന്ധി ഒരു മാസത്തോളം നീണ്ട വിശ്രമമില്ലാത്ത പ്രചരണത്തിലൂടെ അവിടുത്തെ ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നു. ആ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ ഇന്ദിരയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്, "നിങ്ങളുടെ വോട്ട് നിങ്ങളുടെ കൊച്ചു മകൾക്ക് നൽകുക" എന്നായിരുന്നു.
ചിക്കമംഗ്ലൂരിലെ 50 ശതമാനത്തോളം വരുന്ന സ്ത്രീ വോട്ടർമാരും, 45 ശതമാനത്തോളം വരുന്ന പിന്നാക്ക-പട്ടികജാതി-ന്യൂനപക്ഷങ്ങളും അടങ്ങുന്ന വോട്ടർമാർ അന്ന് അടിയന്തരാവസ്ഥയുടെ മുറിവുകളൊന്നും പരിഗണിക്കാതെ ഇന്ദിരയ്ക്ക് വോട്ട് കുത്തി. അതോടെ, 77,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർഥി വിരേന്ദ്ര പാട്ടീലിനെതിരെ അനായാസ വിജയമാണ് ചിക്കമംഗ്ലൂരിൽ ഇന്ദിര അന്ന് നേടിയത്. സുരക്ഷിത മണ്ഡലത്തിൽ നിന്നും നേടിയ ആ വിജയമാണ് രണ്ടാം വരവിന് ഇന്ദിരയ്ക്ക് കരുത്തായി മാറിയത്. അന്ന് ഇന്ദിര നേടിയ ചരിത്രവിജയത്തിൻ്റെ പ്രഭാവം വർഷങ്ങളോളം ചിക്കമംഗ്ലൂരു മണ്ഡലത്തെ കോൺഗ്രസ് മണ്ഡലമായി തന്നെ നിലനിർത്തുന്നതിൽ പ്രതിഫലിച്ചു.
പിന്നീട് 1980ലെ പൊതു തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിലും, ആന്ധ്രാ പ്രദേശിലെ മേധക്കിലും മത്സരിച്ച് തെരഞ്ഞെടുക്കപ്പെടുകയും, കോൺഗ്രസ് അധികാരത്തിൽ ഒടുവിൽ ഇന്ദിര ഗാന്ധി വീണ്ടും പ്രധാനമന്ത്രിയാകുകയും ചെയ്തു. അന്ന് മേധക്ക് നിലനിർത്തിയതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളോട് ഇന്ദിരാ ഗാന്ധിക്കുള്ള ആത്മബന്ധം വ്യക്തമാക്കുന്നതായിരുന്നു. വധിക്കപ്പെടുമ്പോൾ മേധക്കിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്നു അവർ.
ഉത്തരേന്ത്യ പിടിക്കാൻ സോണിയ ഗാന്ധി
1999ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് ഭർത്താവ് രാജീവ് ഗാന്ധിയുടെ മണ്ഡലമായിരുന്ന ഉത്തർപ്രദേശിലെ അമേഠിയിലും, കർണാടകയിലെ ബെല്ലാരിയിലും സോണിയ ഗാന്ധി മത്സരിക്കുന്നത്. വിദേശ വനിതയെന്ന രീതിയിൽ പ്രതിപക്ഷ പ്രചരണമുണ്ടായിരുന്നത് കൊണ്ട് തന്നെ അമേഠിയിൽ വിജയം കൈവരിച്ചേക്കാൻ സാധിച്ചേക്കുമോ എന്ന സംശയമാണ് കോൺഗ്രസ് സുരക്ഷിത താവളമായ ബെല്ലാരിയിലേക്ക് സോണിയയെ എത്തിച്ചത്. 1952ലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് മുതൽ തന്നെ കോൺഗ്രസിന് അനുകൂലമായിരുന്ന, കോൺഗ്രസ് കോട്ടയായി മാറിയ മണ്ഡലമായിരുന്നു ബെല്ലാരി. "എൻ്റെ ഭർതൃമാതാവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു ഉത്തരേന്ത്യ," എന്ന് ബെല്ലാരിയിലെ ജനങ്ങളോട് സോണിയ ആവർത്തിച്ചു. അന്ന് ഡൽഹി മുഖ്യമന്ത്രിയായിരുന്ന ബിജെപി സ്ഥാനാർഥി സുഷമ സ്വരാജിനെ 56,000 വോട്ടുകൾക്കാണ് ബെല്ലാരിയിൽ നിന്ന് സോണിയ പരാജയപ്പെടുത്തിയത്. എന്നാൽ അമേഠിയിൽ നിന്നും വിജയിച്ചതോടെ സോണിയ, ബെല്ലാരിയെ കൈവിട്ട് അമേഠി നിലനിർത്താൻ തീരുമാനമെടുക്കുകയായിരുന്നു.
അതേ പാതയിൽ രാഹുൽ ഗാന്ധിയും!
അമ്മയ്ക്കും മുത്തശ്ശിക്കും പിന്നാലെ, പതിറ്റാണ്ടുകൾക്ക് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലെത്തിയപ്പോഴും ഇതേ സുരക്ഷിത താവള പ്രചാരണം ഉയർന്നുകേട്ടു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കുടുംബ കോട്ടയായ, 1967ന് ശേഷം രണ്ട് തവണ മാത്രം കോൺഗ്രസിന് പരാജയം സമ്മാനിച്ച യുപിയിലെ അമേഠിയിൽ ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയോട് പരാജയമേറ്റുവാങ്ങേണ്ടി വന്നതാണ് രാഹുൽ ഗാന്ധിയെ ഉത്തരേന്ത്യൻ കോൺഗ്രസ് കോട്ടയായ വയനാട്ടിലേക്ക് എത്തിച്ചത്. എന്നാൽ, കോൺഗ്രസ് നേതാക്കളുടെ നിരന്തര ആവശ്യങ്ങൾക്ക് പിന്നാലെയാണ് ഒരു ഉത്തരേന്ത്യൻ മണ്ഡലത്തിലേക്ക് രാഹുൽ എത്തിയതെന്നായിരുന്നു എ.കെ. ആൻ്റണി അന്ന് പറഞ്ഞത്. 2009 മുതൽ യുഡിഎഫ് ആധിപത്യം പുലർത്തിയ വയനാട് മണ്ഡലം എന്നാൽ, രാഹുൽ ഗാന്ധിക്ക് സുരക്ഷിതതാവളം തന്നെയായിരുന്നു. സിപിഐ സ്ഥാനാർഥി പിപി സുനീറിനേക്കാൾ 4,31,770 വോട്ടുകൾ നൽകിക്കൊണ്ട് മികച്ച വിജയമാണ് 2019ൽ വയനാട് രാഹുൽ ഗാന്ധിക്ക് നൽകിയത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിയിലെ റായ്ബറേലിയിലും, വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധിക്ക് ഇരു മണ്ഡലങ്ങളും വിജയം നൽകി. വയനാട്ടിൽ രണ്ടാമൂഴത്തിനിറങ്ങിയ രാഹുൽ ഗാന്ധിയുടെ വിജയത്തിന് റായ്ബറേലിയിലേതിലേക്കാൾ തിളക്കം വയനാട്ടിലായിരുന്നു. 3,64,422 വോട്ടുകളുടെ ഭൂരിപക്ഷമാണ് വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥി ആനി രാജയെക്കാൾ രണ്ടാമൂഴത്തിൽ രാഹുൽ ഗാന്ധി നേടിയത്. എന്നാൽ, ഇരു മണ്ഡലങ്ങളും വിജയിച്ച രാഹുൽ ഒടുവിൽ യുപിയിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് റായ്ബറേലി നിലനിർത്തി.
പ്രിയങ്ക വ്യത്യസ്തയാകുന്നതെങ്ങനെ...
2024ൽ റായ്ബറേലി നിലനിർത്താൻ തീരുമാനമെടുത്ത രാഹുൽ ഗാന്ധി എന്നാൽ, തന്നെ എന്നെന്നും ചേർത്തുപിടിച്ച വയനാടിനെ കൈവെടിയാൻ തയ്യാറല്ലായിരുന്നു. അങ്ങനെയാണ് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയും തൻ്റെ പ്രിയ സഹോദരിയുമായ പ്രിയങ്കാ ഗാന്ധിയെ ഉപതെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനായി, "വയനാടിന് ലഭിക്കുന്ന ഏറ്റവും മികച്ച ജനപ്രതിനിധി" എന്ന വിശേഷണത്തോടെ രാഹുൽ ഗാന്ധി വയനാട്ടിൽ കളത്തിലിറക്കുന്നത്. മുത്തശ്ശിയുടെ രൂപസാദൃശ്യമുള്ള, തൻ്റെ സഹോദരനും അമ്മയ്ക്കും വേണ്ടി ഇക്കാലമത്രയും പ്രചരണരംഗങ്ങളിൽ സജീവമായിരുന്ന, വളരെ കാലമായി കോൺഗ്രസിൽ പ്രവർത്തിച്ചുവരുന്ന പ്രിയങ്ക ആദ്യമായി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തുന്നതിൻ്റെ കാരണം ഒരു സുരക്ഷിത മണ്ഡലത്തിൽ നിലയുറപ്പിക്കുകയാണെന്നും, മണ്ഡലത്തിലെ കുടുംബാധിപത്യമെന്നും പ്രതിപക്ഷ വിമർശനമുയരുന്നുണ്ട്.
എങ്കിൽ കൂടി, പ്രിയങ്ക ആദ്യമായി പാർലമെൻ്റിലേക്കെത്തുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഗാന്ധി കുടുംബത്തിലെ മറ്റുള്ളവരെ പോലെ, മറ്റൊരു മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയ ശേഷമല്ല പ്രിയങ്ക ഉത്തരേന്ത്യയിലേക്കെത്തുന്നത്, കന്നിയങ്കം കുറിച്ചുകൊണ്ടാണ്. രാഹുൽ ഗാന്ധിക്ക് എതിർ സ്ഥാനാർഥിയായിരുന്ന ആനി രാജ പോലും പ്രിയങ്കാ ഗാന്ധി അങ്കത്തിനെത്തുന്നതിനോട് മൃദുസമീപനം സ്വീകരിച്ചതും ശ്രദ്ധേയം. പാർലമെൻ്റിലേക്കെത്തുന്ന ഒരു വനിത എന്ന നിലയ്ക്കും, വർഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ തമ്മിൽ വിഭജിക്കുന്ന സംഘപരിവാറിനെതിരായ ഇന്ത്യാ മുന്നണിയുടെ പുത്തൻ താരോദയം എന്ന നിലയ്ക്കും, കന്നിയങ്കത്തിൽ മിന്നും വിജയത്തോടെ പാർലമെൻ്റിലേക്കെത്തുന്ന പ്രിയങ്കാ ഗാന്ധി പ്രതീക്ഷയാകുകയാണ്...