'അമ്മ അനാദരവ് കാണിച്ചിട്ടില്ല'; സോണിയയുടെ 'പാവം രാഷ്ട്രപതി' പരാമർശത്തില്‍ വ്യക്തത വരുത്തി പ്രിയങ്ക ഗാന്ധി

രാഷ്ട്രപതിയോട് സോണിയ ​ഗാന്ധിക്ക് ബഹുമാനം മാത്രമേ ഉള്ളുവെന്ന് എടുത്തുപറഞ്ഞ പ്രിയങ്ക ​മാധ്യമങ്ങൾ പരാമർശം വളച്ചൊടിച്ചുവെന്നും ആരോപിച്ചു
'അമ്മ അനാദരവ് കാണിച്ചിട്ടില്ല'; സോണിയയുടെ 'പാവം രാഷ്ട്രപതി' പരാമർശത്തില്‍ വ്യക്തത വരുത്തി പ്രിയങ്ക ഗാന്ധി
Published on

രാഷ്ട്രപതി​ ദ്രൗപതി മുർമുവിനെപ്പറ്റിയുള്ള കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ​ഗാന്ധിയുടെ പരാമർശത്തിൽ വ്യക്തത വരുത്തി മകളും വയനാട് എംപിയുമായ പ്രിയങ്ക ​ഗാന്ധി. രാഷ്ട്രപതിയോട് ഒരിക്കലും അനാദരവ് കാണിച്ചിട്ടില്ല. ദൈർഘ്യമുള്ള പ്രസംഗം വായിച്ച് പാവം ക്ഷീണിച്ച് കാണും എന്ന് മാത്രമാണ് അമ്മ ഉദ്ദേശിച്ചതെന്നും പ്രിയങ്ക  പറഞ്ഞു.

രാഷ്ട്രപതിയോട് സോണിയ ​ഗാന്ധിക്ക് ബഹുമാനം മാത്രമേ ഉള്ളുവെന്ന് എടുത്ത് പറഞ്ഞ പ്രിയങ്ക ​ മാധ്യമങ്ങൾ പരാമർശം വളച്ചൊടിച്ചുവെന്നും ആരോപിച്ചു. "എന്‍റെ അമ്മ 70-80 വയസുള്ള സ്ത്രീയാണ്, ഇത്രയും നീണ്ട പ്രസംഗം വായിച്ച് പ്രസിഡന്റ് ക്ഷീണിതയായിരിക്കുമെന്ന് അവർ വെറുതെ പറഞ്ഞു, പാവം. ഈ കാര്യം മാധ്യമങ്ങൾ വളച്ചൊടിച്ചത് വളരെ നിർഭാഗ്യകരമാണ്. അവർ രണ്ടുപേരും ബഹുമാന്യരായ ആളുകളാണ്, നമ്മളെക്കാൾ പ്രായമുള്ളവർ, അമ്മ അനാദരവ് കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാണ്", പ്രിയങ്ക പറഞ്ഞു.



പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ​ദ്രൗപതി മുർമു കേന്ദ്ര സ‍ർക്കാരിന്റെ നയപ്രഖ്യാപനം വായിച്ച ശേഷം സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, പ്രിയങ്ക ​ഗാന്ധി എന്നിവർ പാർലമെന്റ് മന്ദിരത്തിൽ വെച്ച് പ്രസം​ഗത്തെപ്പറ്റി സംസാരിച്ചിരുന്നു. "ആ പാവം സ്ത്രീ, പ്രസിഡന്റ്, അവസാനം ആയപ്പോഴേക്കും വളരെ ക്ഷീണിതയായിരുന്നു... അവർക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല, പാവം", എന്നായിരുന്നു സോണിയയുടെ പരാമർശം. ഈ സംഭാഷണത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

സോണിയയുടെ പരാമർശത്തെ രാഷ്ട്രീയമായി ഉപയോ​ഗിച്ച ബിജെപിയെ പ്രിയങ്ക വിമർശിച്ചു. 'രാജ്യത്തെ നശിപ്പിക്കുന്നതിന് ആദ്യം മാപ്പ് പറയൂ' എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. സോണിയ ​ഗാന്ധിയുടെ പരാമർശം അപമാനകരവും പ്രസിഡന്റിനോടുള്ള അനാദരവുമാണെന്നായിരുന്നു ബിജെപിയുടെ വിമർശനം. ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി സ്ത്രീ എന്ന പദവി വഹിക്കുന്ന മുർമുവിനെതിരെയുള്ള പരാമർശം കോൺഗ്രസിന്റെ ഫ്യൂഡൽ മാനസികാവസ്ഥയാണ് പ്രകടമാക്കുന്നതെന്നും ബിജെപി ആരോപിച്ചു.

അതേസമയം, സോണിയ ​ഗാന്ധിയുടെ പരാമർശത്തോട് പ്രതികരിച്ച് രാഷ്ട്രപതി ഭവൻ പ്രസ്താവനയിറക്കി. പ്രസം​ഗത്തിന്റെ ഒരു ഘട്ടത്തിലും രാഷ്ട്രപതി ക്ഷീണിതയായിരുന്നില്ല. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും സ്ത്രീകൾക്കും കർഷകർക്കും വേണ്ടി സംസാരിക്കുന്നത് ഒരിക്കലും ക്ഷീണിപ്പിക്കുന്നതല്ലെന്നാണ് രാഷ്ട്രപതി വിശ്വസിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഹിന്ദി പോലുള്ള ഇന്ത്യൻ ഭാഷകളിലെ ശൈലിയും വ്യവഹാരങ്ങളും പരിചയമില്ലാത്തതിനാലും, തെറ്റായ ഒരു ധാരണ രൂപപ്പെടുത്തിയതിനാലും ആയിരിക്കാം നേതാക്കൾ ഇത്തരത്തിൽ സംസാരിച്ചതെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വിശ്വസിക്കുന്നു. ഇത്തരം പരാമർശങ്ങൾ ദൗർഭാ​ഗ്യകരവും ഒഴിവാക്കാവുന്നതും ആയിരുന്നുവെന്നും രാഷ്ട്രപതി ഭവൻ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com