കേസ് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
അശോക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അലി ഖാന്‍ മഹ്‌മൂദാബാദിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് അലി ഖാന്‍ മഹ്‌മുദാബാദിനെ രാജ്യദ്രോഹക്കുറ്റം അടക്കം ആരോപിച്ച് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം കേസ് റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി. സംഭവം അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഹരിയാനയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥരായിരിക്കണം ടീം അംഗങ്ങള്‍. ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥയും ടീമിലുണ്ടായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 24 മണിക്കൂറിനുള്ളില്‍ തന്നെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ALSO READ: നാഷണൽ ഹെറാൾഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേസ് നിലനിൽക്കുമെന്ന് ഇഡി
പാകിസ്ഥാനെതിരെ ഇന്ത്യയുടെ സൈനിക നടപടിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ യുദ്ധവെറിക്കെതിരെയായിരുന്നു അലി ഖാന്‍ മഹ്‌മൂദാബാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ അക്കാര്യം വിശദീകരിച്ച സോഫിയ ഖുറേഷിയെയും പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.
മുസ്ലീമായ സോഫിയ ഖുറേഷിയെ ഇത്തരം ഒരു സാഹചര്യത്തില്‍ വലതുപക്ഷ കമന്റേറ്റര്‍മാര്‍ പ്രശംസിക്കുന്നതില്‍ സന്തോഷമുണ്ട്. ഇതുപോലെ നിത്യജീവിതത്തില്‍ ബുള്‍ഡോസര്‍ രാജിലും മറ്റും പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റു മുസ്ലീങ്ങളോടും സമാനമായ സ്‌നേഹവും സംരക്ഷണവും നല്‍കണമെന്നായിരുന്നു മഹ്‌മൂദാബാദിന്റെ പോസ്റ്റ്.
എന്നാല്‍ ഇതിനെതിരെ ഹരിയാനയിലെ ബിജെപിയുടെ യുവമോര്‍ച്ച യൂണിറ്റ് ജനറല്‍ സെക്രട്ടറി യോഗേഷ് ജതേരിയും ഹരിയാന സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേണു ഭാട്ടിയയും പരാതി നല്‍കി. ഭാരതീയ ന്യായ സംഹിത പ്രകാരം സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിന് വിരുദ്ധമായ പ്രവൃത്തികള്‍, ഐക്യത്തിന് കോട്ടം വരുത്തുന്ന പ്രസ്താവനകള്‍, പരമാധികാരത്തെ അപകടപ്പെടുത്തുന്ന പ്രവൃത്തികള്‍, സ്ത്രീകളുടെ എളിമയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്കുകള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രഫസര്‍ക്കെതിരെ കേസെടുത്തത്.