ശബരിമല തീര്‍ഥാടനം: പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്

ദേവപ്രശ്നത്തിൽ ആചാരലംഘനം കണ്ടെത്തിയതു കൊണ്ടാണ് നിയന്ത്രണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു
ശബരിമല തീര്‍ഥാടനം: പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്ക്
Published on

ശബരിമലയിൽ പതിനെട്ടാം പടിക്ക് മുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്. ദേവപ്രശ്നത്തിൽ ആചാരലംഘനം കണ്ടെത്തിയതു കൊണ്ടാണ് നിയന്ത്രണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് ഇത്തവണ ശബരിമലയിൽ ഒരുക്കിയിട്ടുള്ളത്.

പതിനെട്ടാം പടി കയറുന്നതിന് മുമ്പ് ഭക്തർ മൊബൈൽ ഫോൺ ഓഫ് ചെയ്യണമെന്നാണ് ദേവസ്വം ബോർഡിൻ്റെ നിർദേശം. ദർശന സമയത്ത് മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന പ്രവണത വർധിക്കുന്നതും നിയന്ത്രണത്തിന് കാരണമായി. കഴിഞ്ഞ വർഷത്തേതു പോലുള്ള തിരക്കും പ്രശ്നങ്ങളും ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകൾ ദേവസ്വം വകുപ്പ് പൂർത്തിയാക്കി കഴിഞ്ഞു.

ഇത്തവണ ആദ്യം മുതൽക്കേ ദർശനസമയം 18 മണിക്കൂറാക്കി. 10,000 പേർക്ക് ഇടത്താവളങ്ങളിലെ കൗണ്ടറുകൾ വഴി തത്സമയം ബുക്ക് ചെയ്യാം. 70,000 വെർച്ച്വൽ ബുക്കിങ് കൂടി ചേർത്ത് 80,000 പേർക്ക് ദിവസേന ദർശനം  അനുവദിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

വാഹന പാർക്കിങ് സൗകര്യം വർധിപ്പിച്ച നിലയ്ക്കലിൽ 10,000 വാഹനങ്ങൾ പാർക്ക് ചെയ്യാം. പമ്പയിൽ ചെറിയ വാഹനങ്ങളുടെ പാർക്കിങ്ങും അനുവദിക്കും. 4 നടപ്പന്തൽ കൂടി നിർമിച്ചതോടെ പമ്പയിൽ 4,000 പേർക്ക് കൂടി വരിനിൽക്കാൻ കഴിയും. ശബരിമലയിൽ എത്തുന്ന ഭക്തർക്കും ജീവനക്കാർക്കുമായി അഞ്ച് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡല മകരവിളക്ക് ദർശനത്തിനായി നവംബർ 15-നാണ് ശബരിമല നട തുറക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com