സന്ദീപ് ഘോഷും ഭാര്യയും ഈ സ്വത്തുക്കൾ വാങ്ങിയത് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ വരുമാനത്തിൽ നിന്നാണെന്നാണ് കേന്ദ്ര ഏജൻസി സംശയിക്കുന്നത്
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ സ്വത്തുക്കൾ ഇഡിയുടെ അന്വേഷണ പരിധിയിൽ. കൊൽക്കത്തയിലെ മൂന്ന് ഫ്‌ളാറ്റുകളും രണ്ട് വീടുകളും ഒരു ഫാംഹൗസും മുർഷിദാബാദിലെ മറ്റൊരു ഫ്‌ളാറ്റുമാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നത്. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ഈ സ്വത്തുക്കളുമായും ഡിജിറ്റൽ ഉപകരണങ്ങളുമായും ബന്ധപ്പെട്ട രേഖകൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്.
സന്ദീപ് ഘോഷും ഭാര്യയും ഈ സ്വത്തുക്കൾ വാങ്ങിയത് സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ വരുമാനത്തിൽ നിന്നാണെന്നാണ് കേന്ദ്ര ഏജൻസി സംശയിക്കുന്നത്. പശ്ചിമ ബംഗാൾ സർക്കാരിൽ നിന്ന് ശരിയായ അനുമതിയില്ലാതെയാണ് ഭാര്യ സംഗീത ഘോഷ് രണ്ട് പ്രോപ്പർട്ടികൾ വാങ്ങിയതെന്നും ഇഡി കണ്ടെത്തി. ആർജി കർ മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ ആയി സന്ദീപ് ഘോഷിനെയും അസിസ്റ്റൻ്റ് പ്രൊഫസറായി സംഗീതാ ഘോഷിനെയും നിയമിച്ചത് ഈ കാലയളവിൽ ആണെന്നും ഇഡി വ്യക്തമാക്കി.
ALSO READ: കൊൽക്കത്ത ബലാത്സംഗക്കൊല: 51 ഡോക്ടർമാർക്ക് നോട്ടീസ്, ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം
ഡോ. ഘോഷിൻ്റെയും അദ്ദേഹത്തിൻ്റെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉടമസ്ഥതയിലുള്ള ഏഴ് സ്ഥലങ്ങളിലും വെള്ളിയാഴ്ച ഇഡി പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം നടക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ്.
അതേസമയം, സിബിഐ അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് ഘോഷ് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കൽക്കട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സാമ്പത്തിക ക്രമക്കേടുകളിലാണ് സന്ദീപ് ഘോഷിനെതിരെ സിബിഐ അന്വേഷണം നടക്കുന്നത്. ഘോഷിന് പിന്നിൽ വലിയ സാമ്പത്തിക ശൃംഖലയുണ്ടെന്ന് സിബിഐ കൊൽക്കത്ത ഹൈക്കോടതിക്ക് മുൻപാകെ വെളിപ്പെടുത്തിയിരുന്നു.