മുതലപ്പൊഴിയിൽ വീണ്ടും പ്രതിഷേധം; ഹാർബർ എൻജിനീയറിങ് ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

ജനൽ തകർത്ത കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുജീബിനെ പുറത്തുവിട്ടാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് സമരസമിതി
മുതലപ്പൊഴിയിൽ വീണ്ടും പ്രതിഷേധം; ഹാർബർ എൻജിനീയറിങ് ഓഫീസ് ഉപരോധിച്ച് നാട്ടുകാർ
Published on

മുതലപ്പൊഴിയിലെ മണൽ നീക്കവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം. പ്രദേശവാസികൾ റോഡും ഹാർബർ എൻജിനീയറിങ് ഓഫീസും ഉപരോധിക്കുകയാണ്. ജനൽ തകർത്ത കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മുജീബിനെ പുറത്തുവിട്ടാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് സമരസമിതി. ഹാർബർ എൻജിനീയറിങ് ഓഫീസിലെ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ പുറത്തേക്ക് വിടാൻ അനുവദിക്കാതെ സമരം തുടരുകയാണ് സമരക്കാർ.


മണൽ നീക്കവുമായി ബന്ധപ്പെട്ട് ഹാർബർ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, സമരസമിതി നേതാക്കൾ എന്നിവരുമായി ഇന്ന് വൈകുന്നേരം ചർച്ച നടന്നിരുന്നു. ചർച്ച സമവായത്തിൽ എത്തിയില്ലെന്ന് സമരസമിതി അംഗമായ സജീവ് പറയുന്നു. സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചെങ്കിലും കസ്റ്റഡിയിലുള്ള മുജീബിനെ വിട്ടാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് സമരസമിതിയുടെ നിലപാട്. ചൊവ്വാഴ്ച 4 മണിക്കുള്ളിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പൊഴിമൂടുന്ന സമരത്തിലേക്ക് കടക്കുമെന്നും സജീവ് പറഞ്ഞു.

രണ്ട് ഡ്രഡ്ജറുകളും എക്സവേറ്ററുകളും പ്രവർത്തിപ്പിച്ച് മണൽ നീക്കം നടത്തുക, മണൽ നീക്കപ്രവർത്തനങ്ങൾ 20 മണിക്കൂർ ആക്കുക, അഴിമുഖത്ത് വീണു കിടക്കുന്ന ടേട്ട്രാപ്പോടുകൾ ഇതിനോടൊപ്പം എടുത്തുമാറ്റുന്ന പ്രവർത്തനം ആരംഭിക്കുക, ഉത്തരവാദിത്വം കൃത്യമായ നിർവഹിക്കാത്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉയർത്തുന്നത്.


സമര തുടരുന്നതിനിടെ ഹാർബർ എൻജിനീയറിങ് ഓഫീസിലെ എക്സിക്യൂട്ടീവ് എഞ്ചിനീയറെയും വനിതാ ജീവനക്കാരെയും പൊലീസ് പുറത്തിറക്കി. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ഉദ്യോഗസ്ഥരെ പുറത്തിറക്കിയത്.പുരുഷ ഉദ്യോഗസ്ഥർ ഇപ്പോഴും ഓഫീസിനുള്ളിൽ തുടരുകയാണ്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com