നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി പള്‍സര്‍ സുനി

സുപ്രീംകോടതിയുടെ നിർദേശപ്രകാരം വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പള്‍സര്‍ സുനി അപേക്ഷ നല്‍കിയത്
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി പള്‍സര്‍ സുനി
Published on

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അപേക്ഷ നല്‍കി ഒന്നാം പ്രതി പള്‍സര്‍ സുനി. സുപ്രീംകോടതിയുടെ നിർദേശപ്രകാരം വിചാരണ കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പള്‍സര്‍ സുനി അപേക്ഷ നല്‍കിയത്. അപേക്ഷ കോടതി നാളെ പരിഗണിച്ചേക്കും. കോടതി ജാമ്യ വ്യവസ്ഥകൾ നിശ്ചയിക്കുന്നതോടെ പൾസർ സുനിക്ക് പുറത്തിറങ്ങാനാകും. വിചാരണ കോടതിയാണ് ജാമ്യ ഉപാധികൾ നിശ്ചയിക്കുക. അതിനാൽ കർശന ഉപാധികൾക്കായി സ‌ർക്കാരിന്റെ വാദമുണ്ടാകും. നിലവിൽ എറണാകുളം സബ് ജയിലില്‍ റിമാന്‍ഡിലാണ് പള്‍സര്‍ സുനി. വിചാരണ നീണ്ടു പോകുന്നതിനാൽ കേസില്‍ ഒന്നാം പ്രതിക്ക് ജാമ്യം നൽകുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണമെന്നാണ് ഉത്തരവ്.

സുനിക്ക് ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും വിചാരണ അട്ടിമറിക്കാനായി ആക്രമണ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങി പൾസർ സുനി മുങ്ങാൻ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം തള്ളിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിൽ 2017 ഫെബ്രുവരി 23 മുതൽ ജയിലില്‍ കഴിയുന്ന സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടമായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചായിരുന്നു ഹൈക്കോടതി നടപടി. ഇതോടെ, മൂന്നാം തവണയാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. ഇത്തവണ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷം ഓഗസ്റ്റ് 27ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു. ആവര്‍ത്തിച്ച് ജാമ്യാപേക്ഷ നല്‍കിയതിന് സുനിക്ക് ഹൈക്കോടതി വിധിച്ച 25000 രൂപ പിഴയും സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

കേസിൽ നീതിപൂർവമായ വിചാരണ നടക്കുന്നില്ലെന്ന വാദമാണ് സുനി സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനാണെന്നും സുനി കോടതിയെ അറിയിച്ചു. ഇതോടെ, ഏഴര വര്‍ഷം കഴിഞ്ഞിട്ടും വിചാരണ നീണ്ടുപോകുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. ഇങ്ങനെ പോയാല്‍ കേസ് എപ്പോഴാണ് തീരുക? കേസിലെ മറ്റൊരു പ്രതിയായ ദിലീപിന് ക്രോസ് വിസ്താരത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നു എന്നതുള്‍പ്പെടെ കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com