'പൊലീസ് മാഫിയ' വെളിപ്പെടുത്തൽ: മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണമെന്ന് പി.വി. അൻവർ

പി. ശശിയെ വിശ്വസിച്ചാണ് പാർട്ടിയും ആഭ്യന്തര വകുപ്പും അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത്. ഇപ്പോൾ സംഭവിച്ചിരിക്കുന്ന വീഴ്ചകൾക്ക് മുഖ്യമന്ത്രിയും സിപിഎമ്മും ഉത്തരം പറയേണ്ടി വരുമെന്നും പി.വി. അൻവർ പറഞ്ഞു
'പൊലീസ് മാഫിയ' വെളിപ്പെടുത്തൽ: മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണമെന്ന് പി.വി. അൻവർ
Published on

ആഭ്യന്തര വകുപ്പിന് കീഴിലെ പൊലീസ് മാഫിയ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയും സിപിഎമ്മും മറുപടി പറയണമെന്ന് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന നിലയിൽ പി. ശശി പൂർണ പരാജയമാണെന്ന് പി.വി. അൻവർ എംഎൽഎ പറഞ്ഞു. പി. ശശിയെ വിശ്വസിച്ചാണ്  പാർട്ടിയും ആഭ്യന്തര വകുപ്പും അദ്ദേഹത്തെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചത്. ഇപ്പോൾ സംഭവിച്ചിരിക്കുന്ന വീഴ്ചകൾക്ക് മുഖ്യമന്ത്രിയും സിപിഎമ്മും ഉത്തരം പറയേണ്ടി വരുമെന്നും  പി.വി. അൻവർ പറഞ്ഞു.

പി.വി. അൻവർ നിലവിൽ പാർട്ടി അംഗമല്ല, എന്നാൽ അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പാനലിൽ മത്സരിച്ച് ജയിച്ച ജനപ്രതിനിധിയാണ്. ആയതിനാൽ പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് ഇടതുപക്ഷവും സർക്കാരും മറുപടി പറയേണ്ട വിഷയം തന്നെയാണ്. സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും, പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നതായും പി.വി. അൻവർ എംഎൽഎ ആരോപിച്ചിരുന്നു. പൊലീസ് രംഗത്ത് ലോബിയാണ് പ്രവർത്തിക്കുന്നതെന്നും എംഎൽൽ വിമർശിച്ചു.

ഭരണകക്ഷിയെന്ന നിലയിൽ ഇടതുപക്ഷത്തെ ഏറെ പ്രതിസന്ധിയിലാക്കുന്ന വിവരങ്ങളാണ് പി.വി. അൻവർ പുറത്തുവിട്ടത്. പ്രതിപക്ഷത്തിനെതിരെയും പി.വി. അൻവർ എംഎൽഎ വിമർശനം ഉന്നയിച്ചു. ആരോപണങ്ങൾക്ക് തെളിവുകൾ പുറത്തുവിട്ടിട്ടും പ്രതികരിക്കാൻ പ്രതിപക്ഷം ഇടപെടുന്നില്ല. പ്രതിപക്ഷം പ്രവർത്തിക്കുന്ന പോലെയാണ് എഡിജിപി പ്രവർത്തിക്കുന്നത്. സർക്കാരിനെ ഏതൊക്കെ തരത്തിൽ സമ്മർദത്തിലാക്കാമെന്ന നിലപാടാണ് ഇരുവരും സ്വീകരിക്കുന്നതെന്നും പി.വി. അൻവർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവിനെതിരെ ഞാൻ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ കഴമ്പില്ലെന്ന് പറഞ്ഞാണ് പൊലീസ് വിഷയം തള്ളിയത്. എന്നെ കേരളീയ പൊതുസമൂഹത്തിൽ വിശ്വാസം ഇല്ലാത്തവനാക്കിയെന്നും പി.വി. അൻവർ പറഞ്ഞു.

സുജിത്ത് ദാസ് ഐപിഎസിൽ വരും മുൻപ് കസ്റ്റംസിൽ ആയിരുന്നു ജോലി ചെയ്‌തത്. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി നല്ല രീതിയിലുള്ള ബന്ധമുണ്ട്. ആ ബന്ധങ്ങളാണ് കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്ത് വഴിയിലൊക്കെ വെച്ച് പിടിക്കാൻ കാരണം. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്കാനിങ്ങിൽ സ്വർണം കാണുന്നുണ്ടെങ്കിലും അവനെ കടത്തിവിടും. പക്ഷേ, പുറത്തുനിൽക്കുന്ന പൊലീസുകാരെ വിവരം അറിയിക്കുകയും ചെയ്യും. കസ്റ്റംസ് ഇവരെ പിടിച്ചാൽ സിസിടിവി ഉള്ളതിനാൽ ഒരു ബിസ്കറ്റ് പോലും മാറ്റാനാകില്ല. എന്നാൽ പുറത്ത് അങ്ങനെയല്ല സ്ഥിതി, 25 ബിസ്ക്കറ്റുണ്ടെങ്കിൽ അതിൽ 10 എണ്ണം പൊലീസ് സംഘം എടുത്തതിന് ശേഷം ബാക്കി കസ്റ്റംസിന് കൊടുക്കുമെന്നും പി.വി. അൻവർ അരോപിച്ചു.

ശശിയെ വെച്ച് കൊണ്ടിരിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് പറയാൻ പാർട്ടി ഇപ്പോഴല്ലേ ഇതൊക്കെ അറിയുന്നതെന്നും പി.വി. അൻവർ പ്രതികരിച്ചു. എന്താണ് കേരളത്തിൽ നടക്കുന്നതെന്ന് പഠിച്ച് ശശി പാർട്ടിയേയും മുഖ്യമന്ത്രിയേയും അറിയിക്കണം. അതാണ് അദ്ദേഹത്തിന്റെ ജോലിയെന്നും പി.വി. അൻവർ വ്യക്തമാക്കി. വെടികൊണ്ട് മരിക്കാൻ ശേഷിയുള്ള എത്ര എംഎൽഎമാർ ഉണ്ടെന്ന് എനിക്കറിയില്ല. മരണത്തെ ഭയമില്ല, ഞാനും ഒരു വിശ്വാസിയാണ്. ആയുസ്സ് ദൈവം നിശ്ചയിച്ചിട്ടുണ്ട്. ഞാൻ പാർട്ടിയുടെ ഭാഗമാണ്. ഞാൻ പാർട്ടി പ്രവർത്തകനാണെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.

ഇന്ദിരാ ഗാന്ധി മരിച്ചത് അംഗരക്ഷകരുടെ വെടിയേറ്റാണ്. അങ്ങനെ മുഖ്യമന്ത്രിയേയും കൊലച്ചതിക്ക് വിട്ടുകൊടുക്കണോ? അങ്ങനെ ഞാൻ വിട്ടുകൊടുക്കില്ലെന്നും പി.വി അൻവർ പറഞ്ഞു. ഈ കാര്യങ്ങളൊക്കെ എടുക്കാൻ നല്ലതുപോലെ പണം ചെലവാക്കിയിട്ടുണ്ട്. ചിലരെയൊക്കെ വിലകൊടുത്ത് വാങ്ങേണ്ടി വന്നിട്ടുണ്ട്. ജീവനുണ്ടെങ്കിൽ വിഷയവുമായി മുന്നോട്ടുപോകുമെന്നും പി.വി. അൻവർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com