പൊലീസ് തട്ടിയെടുത്തത് 192 കോടി രൂപയുടെ സ്വർണം, എടവണ്ണ കൊലക്കേസില്‍ പൊലീസിനും പങ്ക്: പി.വി. അൻവർ

ആരോപണങ്ങളുടെ ഭാഗമായി തൃശൂർ ഡിഐജി നാളെ മൊഴിയെടുക്കാനെത്തും
പൊലീസ് തട്ടിയെടുത്തത് 192 കോടി രൂപയുടെ സ്വർണം,  എടവണ്ണ കൊലക്കേസില്‍ പൊലീസിനും പങ്ക്: പി.വി. അൻവർ
Published on

പൊലീസിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന് പി.വി. അൻവർ എംഎൽഎ. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലപ്പുറം എസ്ഐ സുജിത് ദാസിൻ്റെ സസ്പെൻഷൻ അതിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ ഭാഗമായി തൃശൂർ ഡിഐജി നാളെ മൊഴിയെടുക്കാനെത്തും. ചില തെളിവുകൾ ജനങ്ങളുടെ മുന്നിലേക്ക് വെക്കുന്നു എന്നും അൻവർ പറഞ്ഞു.

അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കകമാണ് മലപ്പുറം എസ്പി സുജിത് ദാസിനെ സസ്പെൻഡ് ചെയ്തത്. പി.വി. അന്‍വര്‍ എംഎല്‍എയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതാണ് നടപടിക്ക് ആസ്പദമായ സംഭവം. എഡിജിപി അജിത് കുമാര്‍ ബന്ധുക്കള്‍ വഴി സാമ്പത്തിക ഇടപാട് നടത്തുന്നുവെന്നായിരുന്നു അന്‍വറിനോട് സുജിത് ദാസ് പറഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി സുജിത് ദാസിനെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്.

കരിപ്പൂരുമായി ബന്ധപ്പെട്ട സ്വർണക്കടത്തിൽ പൊലീസ് ഒത്താശ ചെയ്തു എന്നാണ് അൻവർ ആരോപിച്ചത്. സ്വർണക്കടത്ത് തടയാൻ എല്ലാ വിമാനത്താവളങ്ങളിലും കസ്റ്റംസ് ഉണ്ട്. എന്നാൽ, മൂന്നു വർഷത്തിനിടെ കരിപ്പൂരിലെ സ്വർണക്കള്ളക്കടത്തിൽ 90 ശതമാനവും പിടിച്ചത് എയർപോർട്ടിനു പുറത്തുനിന്നാണ്. കസ്റ്റംസിന് ഏൽപ്പിച്ചാൽ നിയമപരമായി 15 ശതമാനം പ്രതിഫലം ലഭിക്കും. 2021 , 2022, 2023 വർഷങ്ങളില്‍ 156 സ്വർണക്കടത്ത് കേസ് കസ്റ്റംസിനെ പൊലീസ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രണ്ടര വർഷത്തിനിടെ പൊലീസ് 192 കോടി രൂപയുടെ സ്വർണം തട്ടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

എടവണ്ണ റിഥാന്‍ കൊലക്കേസിൽ ദുരുഹത ആവർത്തിച്ച് പി.വി. അൻവർ. കൊലക്കേസില്‍ പൊലീസിനും പങ്കുണ്ടെന്ന് പി.വി. അന്‍വര്‍ ആരോപിച്ചു. എടവണ്ണ കൊലക്കേസിലെ പ്രതി ഷാൻ നിരപരാധിയാണെന്നും സ്വർണക്കടത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഷാൻ്റെ പക്കലുണ്ടായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. തെളിവുകളുണ്ടായിരുന്ന രണ്ട് ഫോണുകളും കാണാനില്ല. അത് ചാലക്കുടി പുഴയിലെറിഞ്ഞുവെന്നാണ് വിവരം. ഷാൻ ൻ്റെ വീട്ടിൽ നിന്ന് പോലീസ് തോക്ക് കണ്ടെടുത്തത് ദുരൂഹമാണ്. പൊലീസ് കെട്ടുകഥ തയ്യാറാക്കിയിട്ടാണ് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com