
നിലപാട് പ്രഖ്യാപിക്കാൻ പി.വി. അൻവർ എംഎല്‍എ വിളിച്ചു ചേർത്ത പൊതുയോഗം ഇന്ന് വൈകിട്ട് നിലമ്പൂരിൽ. പൊതുയോഗത്തിൽ പങ്കെടുക്കാനെത്തുന്ന അൻവറിനെതിരെ നിലമ്പൂരിൽ ശക്തമായ പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്. പുതിയ പാർട്ടി പ്രഖ്യാപനമടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ പൊതുയോഗത്തിൽ തീരുമാനമായേക്കും.
പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ തനിക്കിനി ആരെയും പേടിക്കാനില്ല, തീപന്തം പോലെ ആളിക്കത്തും എന്നായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പി.വി. അൻവർ പറഞ്ഞത്. പുതിയ പാർട്ടി രൂപീകരിക്കും എന്നടക്കമുള്ള പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ നിലമ്പൂരിൽ ഇന്ന് ചേരുന്ന പൊതുയോഗത്തിൻ്റെ പ്രാധാന്യം വർധിക്കുകയാണ്.
വാർത്താസമ്മേളനത്തിന് പിന്നാലെ അൻവറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. മുന്നണിയോടും പാർട്ടിയോടുമുള്ള അകൽച്ചയ്ക്കും എതിർപ്പിനും കാരണമായതെല്ലാം ജനങ്ങളോട് വിശദീകരിക്കുന്നതിനാണ് സ്വന്തം മണ്ഡലത്തിലെ ഇന്നത്തെ പൊതുയോഗം കൊണ്ട് അൻവർ ലക്ഷ്യമിടുന്നത്.
Also Read: എടവണ്ണ റിഥാന്‍ കൊലപാതകം; പ്രതി ഷാനിനെതിരെയുള്ള പൊലീസ് കണ്ടെത്തലുകള്‍
സ്വർണക്കടത്തിലെ പൊലീസ് ബന്ധവും റിഥാൻ വധക്കേസും മാമി തിരോധാനവുമടക്കം പൊതുജനങ്ങളെ അൻവർ ഇന്ന് ബോധ്യപ്പെടുത്തും. നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിന് സമീപം വൈകിട്ട് 6.30നാണ് യോഗം. ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയ അൻവറിന് പുറമെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ സ്വാഗതം പറയാനും അധ്യക്ഷനാകാനും മറ്റാരും ഉണ്ടാകില്ല. ജന പങ്കാളിത്തവും പ്രത്യേകിച്ച് യുവജന സാന്നിധ്യവും പ്രതീക്ഷിച്ചത് പോലെയുണ്ടായാൽ അൻവർ അധികം വൈകാതെ അടുത്ത ലക്ഷ്യമായ പുതിയ പാർട്ടിയുടെ പ്രഖ്യാപനത്തിലേക്കും കടന്നേക്കും.
Also Read: ടി.കെ. ഹംസ മുതല്‍ അന്‍വർ വരെ; മലപ്പുറത്തെ സിപിഎമ്മിന്‍റെ 'സ്വതന്ത്ര' പരീക്ഷണങ്ങള്‍
വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെയും മാധ്യമങ്ങളുടെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവായി അന്‍വർ മാറിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിമർശനം. എല്‍ഡിഎഫുമായുള്ള അന്‍വറിന്‍റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് ബന്ധം അവസാനിച്ചുവെന്ന് സെക്രട്ടറി പറഞ്ഞാൽ, അത് അങ്ങനെ തന്നെ, എന്നാണ് അന്‍വറിന്‍റെ പ്രതികരണം.