
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽ സമ്മർദം ശക്തമാക്കി തൃണമൂൽ കോൺഗ്രസ്. യുഡിഎഫിന്റെ ഭാഗമാക്കിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് ഗൗരവമായി ആലോചിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇ.എ. സുകു. പി.വി. അൻവറിന് നിലമ്പൂർ മണ്ഡലത്തിലുള്ള സ്വാധീനം യുഡിഎഫിന് അനുകൂലമാകണമെങ്കിൽ തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്നും സുകു ന്യൂസ് മലയാളത്തോട് പറഞ്ഞു.
"എൽഡിഎഫിന്റെ ഭാഗമാകാൻ ഞങ്ങൾക്ക് കഴിയില്ലല്ലോ. യുഡിഎഫിന്റെ ഭാഗമല്ലാതാകുന്ന സമയത്ത്, അപ്പോൾ ഞങ്ങൾ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തൊട്ടടുത്ത ദിവസം യോഗം ചേർന്ന് തീരുമാനിക്കും. ഒറ്റയ്ക്ക് മത്സരിക്കണമോ അല്ലെങ്കിൽ ഏത് രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് ആ യോഗത്തിലാകും തൃണമൂൽ കോൺഗ്രസ് തീരുമാനിക്കുക. ഉപതെരഞ്ഞെടുപ്പിൽ പി.വി. അൻവറിന്റെ സ്വാധീനം യുഡിഎഫിന് അനുകൂലമാക്കി മാറ്റണമെങ്കിൽ തൃണമൂൽ കോൺഗ്രസിനെ മുന്നണിയുടെ ഭാഗമാക്കണം. അതാണ് ഞങ്ങളുടെയും ആവശ്യം", ഇ.എ. സുകു പറഞ്ഞു.
രണ്ടു ദിവസം മുൻപ് കെപിസിസി ജനറൽ സെക്രട്ടറി എ.പി. അനിൽകുമാറുമായി പി.വി. അന്‍വർ യുഡിഎഫ് പ്രവേശം ചർച്ച ചെയ്തിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷവും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് അൻവർ അടവ് മാറ്റുന്നത്. അനുകൂലമായ ഒരു മറുപടിയും ലഭിക്കുന്നില്ലെങ്കിൽ പി.വി. അൻവർ സ്ഥാനാർഥിയാകണമെന്ന പ്രചാരണവും നടക്കുന്നുണ്ട്.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയത്തിൽ അൻവർ നേരത്തെ അഭിപ്രായം പറഞ്ഞതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുയർന്നിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന ഉറച്ച നിലപാടാണ് അൻവർ അദ്യം മുതൽ സ്വീകരിച്ചുവരുന്നത്. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് മുൻ എംഎൽഎ പിന്തുണയും അറിയിച്ചിരുന്നു. അതിനിടെയാണ് തെരഞ്ഞെടുപ്പിന് മുൻപുള്ള യുഡിഎഫ് പ്രവേശം എന്ന അൻവറിൻ്റെ ആവശ്യം. എന്നാൽ, സമ്മർദത്തിന് വഴങ്ങേണ്ട എന്നാണ് കോൺഗ്രസിലെ ഒരു വിഭാഗത്തിൻ്റെ അഭിപ്രായം.