മുഖ്യമന്ത്രി പറയുന്നത് എഡിജിപി എഴുതിക്കൊടുത്ത തിരക്കഥ: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ

മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാൻ തന്നെ കുറ്റവാളിയാക്കിയെന്നും പാർട്ടിയുടെ ഭാഗത്ത് നിന്നും ക്ഷമാപണം ഉണ്ടായില്ലെന്നും പി.വി അൻവർ പറഞ്ഞു
മുഖ്യമന്ത്രി പറയുന്നത് എഡിജിപി എഴുതിക്കൊടുത്ത തിരക്കഥ: മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ
Published on

മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിക്കുമെതിരെ ആഞ്ഞടിച്ച് പി.വി. അൻവർ എംഎൽഎ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ വേദനാജനകമാണ്. എഡിജിപി എം.ആർ. അജിത്കുമാർ എഴുതികൊടുത്ത കഥയാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാൻ തന്നെ കുറ്റവാളിയാക്കിയെന്നും പാർട്ടിയുടെ ഭാഗത്ത് നിന്നും ക്ഷമാപണം ഉണ്ടായില്ലെന്നും പി.വി അൻവർ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി. 

അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷമേ പ്രതികരിക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് പറഞ്ഞായിരുന്നു അൻവർ പത്രസമ്മേളനം ആരംഭിച്ചത്. പാർട്ടി കാര്യങ്ങൾ പരിശോധിക്കുമെന്നും കേസിൽ സത്യസന്ധമായ അന്വേഷണം നടക്കുമെന്നും വിശ്വസിച്ചിരുന്നു. അതിനാലാണ് പത്രസമ്മേളനം നടത്തില്ലെന്ന് സമ്മതിച്ചത്.

എന്നാൽ ഈ ഉറപ്പുകൾ ലംഘിക്കപ്പെട്ടു. മരം മുറിയുമായി ബന്ധപ്പെട്ട് നൽകിയ പരാതി പൊലീസ് കൃത്യമായല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തടി കിട്ടിയെന്ന് പറയാനാകില്ലെന്നായിരുന്നു മൊഴി. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു. എന്നാൽ ഈ രേഖകളൊന്നും പൊലീസ് അന്വേഷിച്ചിട്ടില്ല.

സ്വർണകടത്തുമായി ബന്ധപ്പെട്ട് 188ഓളം കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 കാരിയേർസുമായെങ്കിലും ബന്ധപ്പെട്ടാൽ സത്യാവസ്ഥ പുറത്തുവരുമെന്ന് നിർദേശിച്ചിരുന്നു. ഇത് അന്വേഷിച്ചിരുന്നെങ്കിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചേനെ. കേസിൽ മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാനായി തന്നെ കുറ്റവാളിയാക്കാൻ ശ്രമിക്കുകയാണെന്നും അൻവർ ആരോപിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ ഭാഗത്തുനിന്ന് നീക്കമില്ലാത്തതിനാലാണ് താൻ തന്നെ നേരിട്ട് അന്വേഷണത്തിനിറങ്ങിയത്.

ഇതിന്‍റെ ഭാഗമായി സ്വർണക്കടത്തുകാരോടും കേസിൽ അറസ്റ്റിലായവരോടും സംസാരിച്ചിട്ടുണ്ട്. എന്നാൽ സ്വർണകടത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് അന്വേഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇത് തന്നെ ലക്ഷ്യം വെച്ചാണെന്നും അൻവർ പറയുന്നു.

സ്വർണകടത്തിൽ തനിക്ക് പങ്കുണ്ടെന്ന് പൊതുസമൂഹത്തിനെ ബോധിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്.അത്രത്തോളം കടന്നു പറയേണ്ടിയിരുന്നില്ല.

മുഖ്യമന്ത്രിയുടെ പ്രസ്താവനകളെല്ലാം എഡിജിപി എം.ആർ അജിത് കുമാറിൻ്റെ തിരക്കഥയാണ്. ഈ കഥയിലേക്ക് തന്നെ പ്രതിയാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചു. കേസ് അന്വേഷണം കൃത്യമായി നടക്കാത്തതിനാൽ അടുത്ത നീക്കം നിയമപരമായിരിക്കുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ വ്യക്തമാക്കി.

എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് അൻവർ പിന്മാറണമെന്ന് പാർട്ടി നിർദേശിച്ചിരുന്നു. എന്നാൽ ഇത് മറികടന്ന് അൻവർ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പത്രസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിശ്വാസങ്ങൾക്കും, വിധേയത്വത്തിനും, താൽക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം, അതിത്തിരി കൂടുതലാണ്. "നീതിയില്ലെങ്കിൽ നീ തീയാവുക" എന്നാണല്ലോ എന്ന് കുറിച്ചായിരുന്നു പി.വി. അൻവർ പത്രസമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com