
എഡിജിപി എം.ആർ. അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരായ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി പി.വി. അൻവർ എംഎൽഎ രംഗത്ത്. മരണം വരെ ചെങ്കൊടി തണലിൽ തുടരുമെന്നും എന്നെ ഞാനാക്കിയ പ്രസ്ഥാനം വിടില്ലെന്നും പി .വി. അൻവറിൻ്റെ ഫേസ്ബുക് പോസ്റ്റ്. എഡിജിപിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അൻവർ പാർട്ടി വിടുമെന്ന പ്രചാരണം ഉയർന്നിരുന്നു. ഇതോടെയാണ് പ്രതികരണവുമായി അൻവർ രംഗത്ത് എത്തിയത്.
"സി.പി.ഐ.എം. പി.വി.അൻവർ എന്ന എന്നെ, ഞാൻ ആക്കി മാറ്റിയ പ്രസ്ഥാനം. പാർട്ടി അംഗത്വമില്ല. പക്ഷേ,സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഈ ഞാനുമുണ്ട്. മരണം വരെ ഈ ചെങ്കൊടി തണലിൽ തന്നെ ഉണ്ടാകും," അൻവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
അൻവറിൻ്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ തന്നെ വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. എംഎൽഎയുടെ പ്രസ്താവനകൾ പരിശോധിച്ച ശേഷം തുടർനടപടിയെന്ന നിലപാടാണ് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണണനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സ്വീകരിച്ചത്. എന്നാൽ അൻവറിനെ പരോക്ഷമായി വിമർശിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൈക്കൊണ്ടത്. ആരോപണം പി.വി. അൻവറിൻ്റെ അഭിപ്രായം മാത്രമാണ്. താനൂർ കസ്റ്റഡി മരണത്തിൽ അൻവറിൻ്റേത് അവസാന വാക്കാണോയെന്നും മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. എഡിജിപി അജിത് കുമാറിനെതിരായ ആക്ഷേപങ്ങൾ സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം പി.വി. അൻവറിൻ്റെ ആരോപണങ്ങൾ പ്രതിപക്ഷം ആയുധമാക്കുകയാണ്. പ്രതിപക്ഷം ദീർഘനാളായി ഉന്നയിച്ച കാര്യങ്ങളാണ് ഭരണപക്ഷ എംഎൽഎ ഉന്നയിച്ചിരിക്കുന്നതെന്നായിരുന്നു വി.ഡി. സതീശന്റെ മറുപടി. മുഖ്യമന്ത്രിയുടേത് ഗുണ്ടാ സംഘങ്ങളെ പോലും നാണിപ്പിക്കുന്ന ഓഫീസ് ആണെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അധഃപതിച്ചു. മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും രാജിവയ്ക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും, പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നുണ്ട് എന്നുമായിരുന്നു പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ. പൊലീസ് രംഗത്ത് ലോബിയാണ് പ്രവർത്തിക്കുന്നത്. പൊലീസിനെതിരെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.
പൊലീസിനെതിരെ കൂടുതൽ തെളിവുകളുണ്ട്. ചിലർ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും കോൾ റെക്കോർഡ് പുറത്തുവിടുന്നത് വേറെ മാർഗമില്ലാത്തതിനാൽ ആണെന്നും പി.വി. അൻവർ വ്യക്തമാക്കി. എഡിജിപി അജിത് കുമാറിനതിരെ പി.വി. അൻവർ രൂക്ഷവിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. അജിത് കുമാറിൻ്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിമാണെന്നും പി.വി. അൻവർ പറഞ്ഞു.