ജയ്‌സാല്‍മീറിലും ജോധ്പൂരിലും അര്‍ധരാത്രി മുതല്‍ നാല് മണിവരെ ബ്ലാക്ക് ഔട്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തി
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നടക്കുന്ന ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി രാജ്യത്ത് കനത്ത സുരക്ഷ. പാക് ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന അതിര്‍ത്തികൾ അടച്ചു.
പാകിസ്ഥാനുമായി 1037 കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനില്‍ അതീവ സുരക്ഷാ നിര്‍ദേശമുണ്ട്. അതിര്‍ത്തി പൂര്‍ണമായും അടച്ചിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ വെടിവെക്കാനാണ് ബിഎസ്എഫുകാര്‍ക്ക് ലഭിച്ചിട്ടുള്ള വിവരമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യന്‍ വ്യോമസേനയും ഉയര്‍ന്ന സുരക്ഷാ അലേര്‍ട്ടിലാണ്. മെയ് ഒന്‍പത് വരെ ജോധ്പൂര്‍, കിഷാന്‍ഗഡ്, ബികാനേര്‍ വിമാനത്താവളങ്ങള്‍ അടച്ചു. പശ്ചിമ ഭാഗങ്ങളിലായി യുദ്ധ വിമാനങ്ങള്‍ പട്രോളിംഗ് നടത്തുന്നതിനാലാണ് വിമാനത്താവളം അടച്ചിടുന്നത്.
ഗംഗാനഗര്‍ മുതല്‍ റാന്‍ ഓഫ് കച്ച് വരെ സുഖോയി-30 എംകെഐ ജെറ്റുകള്‍ പട്രോളിംഗ് നടത്തുന്നുണ്ട്. ഇതിനാല്‍ ബികാനേര്‍, ശ്രീ ഗംഗാനഗര്‍, ജയ്‌സാല്‍മീർ, ബാര്‍മീര്‍ ജില്ലകളില്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. പരീക്ഷകള്‍ മാറ്റി വെക്കുകയും അവധിയില്‍ പോയ റിയില്‍വെ ഉദ്യോഗസ്ഥരുടെ ലീവ് കാന്‍സല്‍ ചെയ്ത് ജോലിയില്‍ തിരികെ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ പ്രദേശത്ത് നിന്ന് ഒഴിയുന്നതിന് അതിര്‍ത്തികളില്‍ താമസിക്കുന്ന ഗ്രാമങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയ്‌സാല്‍മീറിലും ജോധ്പൂരിലും അര്‍ധരാത്രി മുതല്‍ നാല് മണിവരെ ബ്ലാക്ക് ഔട്ടിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പഞ്ചാബില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ ഒഴിവാക്കി തിരികെ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കി.
കഴിഞ്ഞ ദിവസമാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനില്‍ തിരിച്ചടി നല്‍കിയത്. ഭീകരരുടെ ഒന്‍പത് കേന്ദ്രങ്ങളാണ് വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. ഇതിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. അതിര്‍ത്തികളില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യവുമുണ്ട്.