ഡിഎംകെയില്‍ ' ഓള്‍ഡ് സ്റ്റുഡന്‍റ്സ്' നേതാക്കളെന്ന് രജനികാന്ത്; 'പല്ല് കൊഴിഞ്ഞ' നടന്മാര്‍ യുവാക്കളുടെ അവസരം ഇല്ലാതാക്കിയെന്ന് മന്ത്രി ദുരൈ മുരുകന്‍

മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും അടക്കമുള്ള വേദിയിലായിരുന്നു ഇരുവരുടെയും പരാമര്‍ശങ്ങള്‍
ഡിഎംകെയില്‍ ' ഓള്‍ഡ് സ്റ്റുഡന്‍റ്സ്' നേതാക്കളെന്ന് രജനികാന്ത്; 'പല്ല് കൊഴിഞ്ഞ' നടന്മാര്‍ യുവാക്കളുടെ അവസരം ഇല്ലാതാക്കിയെന്ന് മന്ത്രി ദുരൈ മുരുകന്‍
Published on


തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ കുറിച്ച് നടന്‍ രജനികാന്ത് നടത്തിയ പരാമര്‍ശവും ഡിഎംകെ മന്ത്രി ദുരൈ മുരുകന്‍ നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങിലടക്കം ചര്‍ച്ചയായിരുന്നു. മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദയനിധി സ്റ്റാലിനും അടക്കമുള്ള വേദിയിലായിരുന്നു ഇരുവരുടെയും പരാമര്‍ശങ്ങള്‍. 

ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ കൈകാര്യം ചെയ്യുന്നതിലുള്ള സ്റ്റാലിന്‍റെ മികവിനെ പ്രശംസിക്കവെയാണ് ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ രജനികാന്ത് 'ഓള്‍ഡ് സ്റ്റുഡന്‍റ്സ്' എന്ന് വിശേഷിപ്പിച്ചത്. ഇതോടൊപ്പം യുവ നേതാക്കള്‍ക്ക് അവസരം കൊടുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകുന്നില്ലെന്നും രജനി പറഞ്ഞു.

“ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നു. സ്‌കൂളിൽ പുതിയ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രശ്‌നമല്ല, എന്നാൽ പഴയ വിദ്യാർത്ഥികളെ (മുതിർന്ന നേതാക്കൾ) കൈകാര്യം ചെയ്യുക എന്നത് ഒരിക്കലും ഒരു ചെറിയ കാര്യവുമല്ല , ഇവിടെ (ഡിഎംകെയിൽ) ഞങ്ങൾക്ക് ധാരാളം പഴയ വിദ്യാർത്ഥികളുണ്ട്. അവരാരും സാധാരണ വിദ്യാർത്ഥികളല്ല, ഈ പഴയ വിദ്യാർത്ഥികളെല്ലാം റാങ്ക് ഹോൾഡർമാരാണ്, പ്രത്യേകിച്ച് ദുരൈ മുരുകൻ… നമുക്കൊന്നും പറയാൻ കഴിയില്ല… സ്റ്റാലിൻ സാർ , ഇതെല്ലാം കൈകാര്യം ചെയ്യുന്നതിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു”. എന്നായിരുന്നു രജനികാന്ത് പ്രസംഗത്തിൽ പറഞ്ഞത്.

തൊട്ടുപിന്നാലെ രജനികാന്തിന് മറുപടിയുമായി മന്ത്രിയും മുതിര്‍ന്ന ഡിഎംകെ അംഗവുമായ ദുരൈ മുരുകന്‍ രംഗത്തെത്തി. ”താടി വളർന്ന് പല്ല് കൊഴിഞ്ഞ പഴയ നടന്മാർ കാരണം യുവ കലാകാരന്മാർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു” എന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിയുടെ മറുപടി സദസിലുള്ളവരെ ഞെട്ടിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ രണ്ട് പരാമര്‍ശങ്ങളും ചര്‍ച്ചയായി.

അതേസമയം, ദുരൈ മുരുകനും താനും വര്‍ഷങ്ങളായി സുഹൃത്തുക്കളാണെന്നും അദ്ദേഹം എന്ത് പറഞ്ഞാലും ഞങ്ങളുടെ സൗഹൃദം തുടരുമെന്നും രജനികാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങളുടെ തമാശകളെ ആരും ശത്രുതയായി കാണരുതെന്ന് മന്ത്രി ദുരൈ മുരുകനും പ്രതികരിച്ചതോടെയാണ് വിവാദം അവസാനിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com