
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദിവ്യക്ക് രക്ഷപെടാൻ പഴുത് ഉണ്ടാക്കരുത്. രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഇത്രയും ദിവസം ആയിട്ടും ദിവ്യക്കെതിരെ നടപടിയെടുത്തില്ല.
പാർട്ടി ജില്ലാ കമ്മിറ്റി അവരെ രക്ഷിക്കാൻ ശ്രമിക്കുന്നു. പാർടി ഗൂഢാലോചന നടത്തുന്ന വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. കണ്ണിൽ ചോരയില്ലാത്ത നടപടിയാണ്, അധികാരത്തിന്റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കളക്ടർക്കെതിരെ ആരോപണം ഉണ്ടെങ്കിൽ അന്വേഷിക്കണം. കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
അതേസമയം, സരിൻ അടഞ്ഞ അധ്യായമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടി പ്രവർത്തകർ ഒറ്റക്കെട്ടാണ്. സരിന്റെ കൂടെ ആരുമില്ല. പാലക്കാട് കോൺഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കും. മുഖ്യമന്ത്രി ക്യാമ്പ് ചെയ്ത തൃക്കാക്കരയിൽ ഞങ്ങൾ ജയിച്ചു. പാലക്കാടും ജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചതിൽ കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ കൺവീനറായ ഡോ. പി. സരിനെ ചൊടിപ്പിച്ചിരുന്നു. സ്ഥാനാർഥി നിർണയം ജനാധിപത്യപരമായല്ല നടന്നതെന്നായിരുന്നു സരിന്‍റെ ആരോപണം. പിന്നാലെ, പാലക്കാട് സിപിഐഎമ്മിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി സരിനെ മത്സരിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കുകയായിരുന്നു.