കേരളത്തിൽ ആഭ്യന്തരമന്ത്രി പി. ശശി, ഡിജിപി അജിത്ത് കുമാർ, നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പോകണം: രമേശ് ചെന്നിത്തല

ഭരണകക്ഷിയിലുള്ള ഒരു എംഎൽഎയും പൊലീസിന് നേരെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഇതിന് മുൻപ് നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു
കേരളത്തിൽ ആഭ്യന്തരമന്ത്രി പി. ശശി, ഡിജിപി അജിത്ത് കുമാർ, നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പോകണം: രമേശ് ചെന്നിത്തല
Published on


കേരളത്തിലെ പൊലീസ് സേനയുമായി ബന്ധപ്പെട്ട് പി.വി. അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണകക്ഷി എംഎൽഎ തന്നെ പൊലീസിനെതിരെ രംഗത്തെത്തിയ സാഹചര്യത്തിൽ നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പോകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഭരണകക്ഷിയിലുള്ള ഒരു എംഎൽഎയും ഇത്തരത്തിൽ പൊലീസിന് നേരെ ഇത്ര ഗുരുതരമായ ആരോപണങ്ങൾ ഇതിന് മുൻപ് നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ വൃത്തികെട്ട ഭരണമാണ് നടക്കുന്നത്. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് മാഫിയ സംഘം. അൻവറിൻ്റെ ആരോപണത്തിൽ സിബിഐ അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മൗനം കാണുമ്പോൾ അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടോയെന്ന് സംശയിക്കണം. ഇത് കേരളത്തിന് തന്നെ അപമാനകരമാണ്. അൻവറിൻ്റെ ഉദ്ദേശ്യം അറിയില്ല. എന്നാൽ എംഎൽഎ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് കേരളത്തിൻ്റെ ആഭ്യന്തരമന്ത്രി, ഡിജിപി അജിത്ത് കുമാറും. ഇ.പി. ജയരാജനെതിരെ നടപടി എടുത്തവർ അൻവറിന്റെ കാര്യത്തിൽ പ്രതികരിക്കുന്നില്ല. ഭരണകക്ഷി എംഎൽഎയുടെ ആരോപണത്തിൽ പാർട്ടി സെക്രട്ടറി മൗനം പാലിച്ചെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സർക്കാരിനെ നശിപ്പിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള മാഫിയാ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും, പൊലീസിൻ്റെ ചെയ്തികൾക്ക് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും പഴി കേൾക്കേണ്ടി വരുന്നുണ്ട് എന്നുമായിരുന്നു പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ. പൊലീസ് രംഗത്ത് ലോബിയാണ് പ്രവർത്തിക്കുന്നത്. പൊലീസിനെതിരെ കൂടുതൽ തെളിവുകൾ കൈയ്യിലുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.

പൊലീസിനെതിരെ കൂടുതൽ തെളിവുകളുണ്ട്. ചിലർ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ടെന്നും കോൾ റെക്കോർഡ് പുറത്തുവിടുന്നത് വേറെ മാർഗമില്ലാത്തതിനാൽ ആണെന്നും പി.വി. അൻവർ വ്യക്തമാക്കി. എഡിജിപി അജിത് കുമാറിനതിരെ പി.വി. അൻവർ രൂക്ഷവിമർശനമാണ് ഉന്നയിച്ചിട്ടുള്ളത്. അജിത് കുമാറിൻ്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിമാണെന്നും പി.വി. അൻവർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com