
പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണെന്നും സിബിഐ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലപാതകം നടത്തിക്കുന്ന എഡിജിപിയും അതിന് പിന്തുണ കൊടുക്കുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമാണ് കേരളത്തിലുള്ളതെന്നും വി.ഡി. സതീശൻ പറഞ്ഞു. ഗുണ്ടാസംഘങ്ങൾ പോലും നാണിക്കുന്ന തരത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും, രാഷ്ട്രീയ നേതൃത്വം അതിന് സംരക്ഷണം കൊടുക്കുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.
എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ ആരോപണങ്ങളാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന നിരന്തര ആരോപണം സത്യമാണെന്ന് തെളിഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണക്കടത്ത് നടത്തിയത് മറച്ചുവെക്കാൻ ഒരാളെ കൊന്നുവെന്നാണ് പി.വി. അൻവർ എംഎൽഎ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ അറിവോടെയാണ് എഡിജിപി കൊല നടത്തിയതെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്നത് മുഴുവൻ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നാണ് പി.വി. അൻവർ എംഎൽഎ പറയുന്നത്. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് എഡിജിപി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.