പാലക്കാട് നടക്കുന്ന പട്ടികജാതി പട്ടികവർഗ മേഖല സംസ്ഥാന സംഗമത്തിലാണ് വേടന്റെ പരാമർശം.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പൊലീസിനെ വിമർശിച്ച് വേടൻ. സ്വതന്ത്ര സംഗീതത്തെ കുറിച്ച് പൊലീസിന് വ്യക്തമായ അറിവില്ലാത്തത് ആർട്ടിസ്റ്റുകളെ ബാധിക്കുന്നുണ്ടെന്നായിരുന്നു വേടൻ്റെ പരാമർശം. സംഗീത പരിപാടികൾ നടത്താനുള്ള അടിസ്ഥാന സൗകര്യം കേരളത്തിൽ ഇല്ലെന്നും വേടൻ പറയുന്നു. പാലക്കാട് നടക്കുന്ന പട്ടികജാതി പട്ടികവർഗ മേഖല സംസ്ഥാന സംഗമത്തിലാണ് വേടന്റെ പരാമർശം.
സ്വതന്ത്ര സംഗീതത്തിന് കേരളത്തിൽ സ്വീകാര്യത കുറവാണെന്ന് വേടൻ പറയുന്നു. സംഗീത പരിപാടികൾ നല്ല രീതിയിൽ നടത്താനുള്ള സൗകര്യങ്ങൾ ഇല്ലാത്തത് അതുകൊണ്ടാണ്. പൊലീസ് ഉൾപ്പെടെയുള്ള നിയമസംവിധാനങ്ങൾക്ക് സ്വതന്ത്ര സംഗീതത്തെ പറ്റി വ്യക്തമായ അറിവില്ല. ഇതെല്ലാം സ്വതന്ത്ര കലാകാരൻമാരെ ബാധിക്കുന്നുണ്ട്. അതിനാൽ സംഗീത പരിപാടികൾക്കായി കൃത്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും വേടൻ പരിപാടിയിൽ അഭ്യർഥിച്ചു.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് കേരളത്തിലുണ്ടായ മാറ്റത്തെക്കുറിച്ചും വേടൻ സംസാരിച്ചു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മറ്റുള്ള സംസ്ഥാനങ്ങൾക്ക് ഉപരി കേരളത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. അതിൽ സന്തോഷവാനാണ്.ജനങ്ങളാൽ തിരഞ്ഞെടുത്ത ഗവൺമെന്റ് ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. കലാമേഖലകളിലെല്ലാം പട്ടിക ജാതി പട്ടിക വർഗമേഖലയിൽപ്പെട്ടവർ ഉയർന്ന് വന്നു കൊണ്ടിരിക്കുകയാണെന്നും വേടൻ കൂട്ടിച്ചേർത്തു.
റാപ്പർ വേടനും മുഖ്യമന്ത്രിയും ഒന്നിച്ച് പങ്കെടുത്ത പരിപാടിയിൽ രാജ്യത്ത് അനീതികളും അക്രമങ്ങളും നേരിടേണ്ടി വന്നവരാണ് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ വിവേചന പരമയാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും എൽഡിഎഫ് സർക്കാർ അധികാരത്തിൽ ഇരിക്കുന്നത് കൊണ്ട് കേരളം വേറിട്ട് നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വേദിയിലെത്തിയ മുഖ്യമന്ത്രി വേടന് ഹസ്തദാനം നൽകുകയും ചെയ്തു.