വോയിസ് ഓഫ് വോയിസ്‌ലെസ് എന്ന റാപ്പ് സോങിലൂടെയാണ് വേടന്‍ ശ്രദ്ധേയനാവുന്നത്
വിവാദങ്ങള്‍ക്കിടെ പുതിയ ആല്‍ബം പുറത്തിറക്കി റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി. 'മൗന ലോവ' എന്നാണ് ആല്‍ബത്തിന്റെ പേര്. വേടന്റെ ആദ്യ പ്രണയ ഗാനമാണിത് എന്ന പ്രത്യേകതയും ഉണ്ട്. സ്‌പോട്ടിഫൈയിലും വേടന്‍ വിത്ത് വേര്‍ഡ് എന്ന യൂട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്.
വോയിസ് ഓഫ് വോയിസ്‌ലെസ് എന്ന റാപ്പ് സോങിലൂടെയാണ് വേടന്‍ ശ്രദ്ധേയനാവുന്നത്. പിന്നീട് മലയാള സിനിമയ്ക്കും നിരവധി ഹിറ്റ് ഗാനങ്ങള്‍ വേടന്‍ സമ്മാനിച്ചു. വേടന്റെ ഷോകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.
അതേസമയം ഏപ്രില്‍ 28നാണ് വേടന്റെ ഫ്‌ലാറ്റില്‍ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. അതോടൊപ്പം പുലിപല്ല് കേസില്‍ വേടന്റെ തെളിവെടുപ്പ് ഇന്ന് തുടരും. രാവിലെ വേടനെ തൃശൂരിലെത്തിച്ച് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തും. പുലിപ്പല്ല് സ്വര്‍ണ്ണം കെട്ടിച്ച ജ്വല്ലറിയിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ കൊച്ചി വൈറ്റിലയിലെ ഫ്‌ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ വേടനെ തിരികെ കോടതിയ്ക്ക് കൈമാറും. രണ്ടാം തിയതിയാണ് വേടന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. അത് വരെ വേടന്‍ ജയിലില്‍ തുടരും. വേടനെ കോടതി രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു വേടന്റെ പ്രതികരണം.