'സഹോദരി പരസ്ത്രീ ബന്ധം വിലക്കിയതിൽ ദേഷ്യം, കുഞ്ഞിൻ്റെ കരച്ചിൽ അരോചകമായി തോന്നി,'; ബാലരാമപുരം കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയതും കൊലപാതകത്തിന് കാരണമായെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു
'സഹോദരി പരസ്ത്രീ ബന്ധം വിലക്കിയതിൽ ദേഷ്യം, കുഞ്ഞിൻ്റെ കരച്ചിൽ അരോചകമായി തോന്നി,'; ബാലരാമപുരം കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
Published on

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടര വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. പരസ്ത്രീ ബന്ധം സഹോദരി വിലക്കിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിൻ്റെ കരച്ചിൽ പ്രതി ഹരികുമാറിന് അരോചകമായി തോന്നിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.


രണ്ടര വയസുകാരി ദേവേന്ദുവിനെ ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ അമ്മാവൻ ഹരികുമാർ കഴിഞ്ഞ ദിവസം തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. സഹോദരിയോടുള്ള കടുത്ത വിരോധം മൂലമാണ് ഹരികുമാർ കുഞ്ഞിനെ കൊന്നത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ തന്നോടുള്ള സ്നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നി. കുഞ്ഞിൻ്റെ കരച്ചിൽ പ്രതിക് അരോചകമായി തോന്നിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഹരികുമാറിനെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് വൈദ്യ പരിശോധനയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപതിയിലേക്ക് കൊണ്ടുവന്നത്. തുടർന്ന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ എത്തിച്ച് വിരലടയാളങ്ങളും ശേഖരിച്ചു. പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി.



കൊലപാതകത്തിൽ കുഞ്ഞിൻറെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് കുഞ്ഞിൻ്റെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ അമ്മയെ കൊലപാതകത്തിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. സാഹചര്യ തെളിവുകളും മൊഴികളിലെ വൈരുധ്യവും പരിശോധിക്കുമ്പോൾ ശ്രീതുവിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കാനാകില്ലെന്നും പൊലീസ് പറയുന്നു.

ശ്രീതുവുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൃത്യമായി അന്വേഷണം നടത്തുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടും പരാധീനതകളും ഏറിവന്നപ്പോൾ ശങ്കുമുഖം ദേവീദാസൻ എന്ന ജോത്സ്യനെ സമീപിച്ചിരുന്നുവെന്നും ശ്രീതു മൊഴി നൽകിയിട്ടുണ്ട്. ജ്യോത്സ്യനാണ് കുഞ്ഞിൻ്റെ ജനനം കടബാധ്യതയ്ക്ക് കാരണമെന്ന് പറഞ്ഞത്. ഇത് പ്രകാരം കുഞ്ഞിൻ്റെയും തന്റെയും ഉൾപ്പെടെ തല മൊട്ടയടിച്ചിട്ടുണ്ടായിരുന്നു എന്ന് ശ്രീതു പൊലീസിനോട് പറഞ്ഞു. അതിനാൽ ജോത്സ്യനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസും ചോദ്യം ചെയ്തു. പ്രതി ഹരികുമാർ ദേവീദാസൻ ഒപ്പം ജോലി ചെയ്തിട്ടുണ്ടെന്നും തുടരെ സന്ദർശിക്കാറുണ്ടന്നും ജ്യോത്സ്യനും പൊലീസിൽ മൊഴി നൽകി.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com