അദീല അബ്ദുള്ളയെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി.
കെ.ആർ ജ്യോതിലാൽ, അദീല അബ്ദുള്ള, മിർ മുഹമ്മദ് അലി
സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഐഎഎസ് ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് മാറ്റി നിയമിച്ചു കൊണ്ടും, ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതല നല്‍കിക്കൊണ്ടുമാണ് സർക്കാർ ഉത്തരവ്.
ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് വനം-വന്യജീവി വകുപ്പിന്റെ അധിക ചുമതല നല്‍കി. പൊതുഭരണ വകുപ്പില്‍ നിന്നും കെ.ആര്‍. ജ്യോതിലാലിനെ ധന വകുപ്പിലേക്കാണ് മാറ്റിയത്.
ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാര്‍ ഐഎഎസിനെ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് മാറ്റി. എസ്‌സി/എസ്ടി പിന്നാക്ക വികസന വകുപ്പിന്റെ മുഴുവന്‍ അധിക ചുമതലയും നല്‍കി.
ALSO READ: താമരശേരിയിൽ വീണ്ടും കുഴൽപ്പണ വേട്ട; വാഹന പരിശോധനക്കിടെ പിടികൂടിയത് 38 ലക്ഷം രൂപ
കെ. ബിജു ഐഎഎസ് പൊതുഭരണ വകുപ്പിന്റെ സെക്രട്ടറിയാകും. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഡോ. എ. കൗശിഗന്‍ ഐഎഎസിന് സൈനിക് വെല്‍ഫയര്‍ വകുപ്പിന്റെ മുഴുവന്‍ അധിക ചുമതല നല്‍കി. ഒപ്പം ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളുടെ ചുമതലയും അധികമായി നല്‍കി.
മിര്‍ മുഹമ്മദ് അലി ഐഎഎസ് കെഎസ്ഇബിയുടെ സിഎംഡിയാകും. ഊര്‍ജ വകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ എംഡി എന്നീ അധിക ചുമതലയും വഹിക്കും.
വാട്ടര്‍ അതോറിറ്റി എംഡി ജീവന്‍ ബാബു ഐഎഎസിന് തീര പരിപാലന പദ്ധതിയുടെ അധിക ചുമതല നല്‍കി. അതേസമയം അദീല അബ്ദുള്ളയെ വനിതാ ശിശുക്ഷേമ വകുപ്പിന്റെ ചുമതലയില്‍ നിന്ന് മാറ്റി. സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി കൂടിയായ അദീല അബ്ദുള്ളയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധിക ചുമതല നല്‍കി.
ഡോ. ചിത്ര എസ് ഐഎഎസിനെ ധന വകുപ്പില്‍ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സെക്രട്ടറി & ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി എന്ന ചുമതലയിലേക്ക് മാറ്റി. കേശവേന്ദ്ര കുമാര്‍ ഐഎഎസിനെ പുതിയ ധനവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖൊബ്രാഗേഡ് ഐഎഎസിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റെ മുഴുവന്‍ അധിക ചുമതലയും നല്‍കി.