
ഇടുക്കി ചൊക്രമുടിയിലെ കയ്യേറ്റ ഭൂമി തിരികെ പിടിക്കാനുള്ള നടപടികൾ റവന്യൂ വകുപ്പ് ആരംഭിച്ചു. മേഖലയിലെ നാല് പട്ടയങ്ങൾ കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് റദ്ദ് ചെയ്‌തിരുന്നു. 48 മണിക്കൂറിനുള്ളിൽ നടപടികൾ ആരംഭിക്കാനാണ് സബ് കളക്ടറുടെ നിർദ്ദേശം. തണ്ടപ്പേരുകൾ റദ്ദ് ചെയ്യാൻ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥലം അളന്നു തിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൊക്രമുടിയിൽ റദ്ദ് ചെയ്ത് നാല് പട്ടയങ്ങളിൽ ആകെ 13.79 ഏക്കർ ഭൂമിയാണ് ഉള്ളത്. ബൈസൻവാലി വില്ലേജിലെ സർവേ നമ്പർ 27/1ൽ ഉൾപെടുന്ന ഭൂമിയാണിത്. നാല് പട്ടയങ്ങൾ ആണെങ്കിലും 60 ഓളം ആളുകളാണ് ഭൂമി കൈവശം വെച്ചിരിക്കുന്നത്. ഇവ തിരിച്ചു പിടിക്കുന്നതിനായി ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് നോട്ടീസ് നൽകി. 48 മണിക്കൂറിനകം ഭൂമി ഒഴിയണമെന്നാണ് നിർദേശം.
തണ്ടപ്പേരുകൾ റദ്ദ് ചെയ്യാൻ ബൈസൺവാലി വില്ലേജ് ഓഫിസർക്ക് നിർദേശം നൽകി. സ്ഥലം അളന്നു തിട്ടപ്പെടുത്തുവാനും അതിർത്തി നിശ്ചയിക്കുവാനും സർവേയർമാരെയും നിയമിച്ചിട്ടുണ്ട്. അടുത്ത ഘട്ടമായി സർക്കാർ വക ഭൂമിയെന്ന് ബോർഡ് സ്ഥാപിക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കും. ഇതോടെ അതീവ പരിസ്ഥിതി പ്രാധാന്യം ഉള്ള ചൊക്രമുടി മലനിരയുടെ സംരക്ഷണം ഉറപ്പിക്കാൻ കഴിയുമെന്ന് റവന്യൂ വകുപ്പ് ഉറപ്പിക്കുന്നു.