പാലക്കാടും ചേലക്കരയിലും നടക്കുന്നത് ശക്തമായ മത്സരമാണെന്നും മന്ത്രി കെ രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു
കേരളം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന സാഹചര്യത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. വയനാട് ഉപതെരഞ്ഞെടുപ്പ് ബോധപൂർവ്വമായി കേരളത്തിലെ ജനങ്ങളുടെ മുകളിലേക്ക് കെട്ടിവെച്ചതാണെന്ന് മന്ത്രി ആരോപിച്ചു. ഇന്ത്യൻ പാർലമെന്റിലേക്ക് വരാനാവാത്ത വിധം കുറച്ചു വർഷങ്ങളായി വയനാട് ഒറ്റപ്പെട്ടു പോയി. രണ്ട് സീറ്റിൽ വിജയിച്ചാൽ വയനാട്ടിൽ തുടരില്ലെന്ന് മുൻകൂട്ടി പറയാൻ രാഹുൽഗാന്ധി ചങ്കൂറ്റം കാണിച്ചില്ലെന്നും കെ. രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ALSO READ: "പാലക്കാട് ഇടതുമുന്നണി തിരിച്ചുപിടിക്കും, സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്"; ഇ.എൻ. സുരേഷ് ബാബു
വയനാട്ടിൽ സിപിഐ മത്സരിക്കുന്നത് വിജയിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് കെ. രാജൻ വ്യക്തമാക്കി. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിൽ സിപിഐ ഉയർത്തിപ്പിടിക്കുന്നത് ദേശീയ രാഷ്ട്രീയമാണ്. വ്യക്തിയെന്ന നിലയിൽ വളരെ പരിചിതമായ ഇടത്തേക്കാണ് സത്യൻ മൊകേരി മത്സരിക്കാൻ എത്തുന്നത്. കോൺഗ്രസിൻ്റെ അപക്വമായ നിലപാടുകളെ തിരുത്താൻ ഇടതുപക്ഷത്തിന് സാധിക്കും. പാലക്കാടും ചേലക്കരയിലും നടക്കുന്നത് ശക്തമായ മത്സരമാണെന്നും മന്ത്രി കെ രാജൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.
സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ മാത്രമേ പി. സരിനെ കുറിച്ച് അഭിപ്രായം പറയാനാകൂ എന്നായിരുന്നു പാലക്കാട് സ്ഥാനാർഥിത്വത്തിലെ കെ. രാജൻ്റെ നിലപാട്. ഇടതുപക്ഷത്തിന്റെ അടിത്തറ വിപുലപ്പെടുത്തേണ്ടതുണ്ടെന്നും കൂടുതൽ ആളുകൾ വരുന്നത് സന്തോഷകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമീപകാല തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ബിജെപി വിരുദ്ധ ചേരിക്കാണ് നേട്ടമുണ്ടായത്. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ നാട്ടിലെ രാഷ്ട്രീയവും സർക്കാരിൻ്റെ പ്രവർത്തനങ്ങളും ചർച്ചയാവുമെന്നും രാജൻ ചൂണ്ടികാട്ടി.
ALSO READ: ഉപതെരഞ്ഞെടുപ്പ് ചൂടിൽ രാഷ്ട്രീയ പാർട്ടികൾ; പാലക്കാട്, ചേലക്കര സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
അതേസമയം എഡിഎം നവീന്‍റെ മരണം സംബന്ധിച്ച് തന്‍റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കുറച്ചുകൂടി വിശദമായി കാര്യങ്ങൾ അറിയേണ്ടതുണ്ട്. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ഒരു പരാതിയും നവീൻ ബാബുവിനെ കുറിച്ച് ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി. പി. ദിവ്യയെ കുറിച്ച് താൻ മുൻപ് പറഞ്ഞ അഭിപ്രായത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.