
ശരീരത്തിൽ ടാറ്റൂ ചെയ്യുന്നത് ഇന്ന് അത്ര അസാധാരണമായ കാഴ്ചയല്ല. എന്നാൽ ഒരാൾക്ക് ടാറ്റൂ ചെയ്ത അതെ സൂചി മറ്റൊരാളിലും ഉപയോഗിക്കുന്നത് മാരകമായ രോഗങ്ങള്‍ പടരാന്‍ കാരണമായി തീരും. ഇത്തരത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കോഴിക്കോട് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ ടാറ്റൂ ചെയ്ത് നൽകുന്നതെന്ന് ന്യൂസ് മലയാളം ഇൻവെസ്റ്റിഗേഷനില്‍ കണ്ടെത്തി.
ഇതര സംസ്ഥാനക്കാർ അവർ പോലും അറിയാതെയാണ് രോഗ വാഹകരാകുന്നത്. ടാറ്റൂ ചെയ്യാൻ ഉപയോഗിക്കുന്ന സൂചിയും മഷിയും അതുപോലെ തന്നെയാണ് മറ്റുള്ളവരിലും ഉപയോഗിക്കുന്നത്. ഇതിലെ ആരോഗ്യ പ്രശ്നങ്ങള്‍ ടാറ്റു ചെയ്ത് നല്‍കുന്നവരോ ഉപഭോക്താക്കളോ അറിയുന്നില്ല.
Also Read: ആവശ്യത്തിന് ഡോക്ടർമാരും അടിസ്ഥാന സൗകര്യങ്ങളുമില്ല; പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ കിടത്തിചികിത്സ പ്രതിസന്ധിയിൽ
രാജസ്ഥാനിൽ നിന്നും എത്തിയ ഒരു സംഘം കോഴിക്കോട് പല സ്ഥലങ്ങളിലായി ടാറ്റു ചെയ്തു കൊടുക്കുന്നുണ്ട്. ഇവർ ഉപയോഗ ശേഷം നശിപ്പിക്കേണ്ട മഷിയും കപ്പുകളും തുടർച്ചയായി ഉപയോഗിക്കുന്നതിനാല്‍ മാരകമായ പല രോഗങ്ങളും പിടിപെടാൻ കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. തിരക്കുള്ള സ്ഥലങ്ങളാണ് ഇവർ ടാറ്റൂ ചെയ്യാനായി കണ്ടെത്തുന്നത്. ഓരോ ദിവസവും നൂറിൽ അധികം പേരാണ് ടാറ്റൂ ചെയ്യനായി എത്തുന്നത്. ഇതിനിടയിൽ എത്ര പേർ രോഗങ്ങൾ കൈമാറിയിട്ടുണ്ടെന്ന് പോലും പറയാൻ കഴിയില്ല.
ഒരു ടാറ്റൂ സ്റ്റുഡിയോയിൽ പോയി ലൈസൻസ് ഉള്ള ആർട്ടിസ്റ്റിനെ കൊണ്ട് ടാറ്റൂ ചെയ്യാൻ കുറഞ്ഞത് 800 രൂപ എങ്കിലും മുടക്കേണ്ടി വരും. എന്നാൽ ഒരു സെന്‍റീമീറ്റർ ടാറ്റൂ ചെയ്യുന്നതിന് 100 രൂപ എന്ന നിരക്കാണ് ഇതര സംസ്ഥാനക്കാർ ഈടാക്കുന്നത്. ഈ നിരക്കു കുറവാണ് പലരെയും ഇവിടെയെത്തിക്കുന്നത്. ടാറ്റൂ സ്വപ്നം കണ്ട് വരുന്നവർ അതിലെ ഭവിഷ്യത്തുകൾ മനസിലാക്കുന്നില്ലെന്ന് മാത്രം.