എമ്പുരാനെതിരെ ആർഎസ്‌എസ്; പൃഥ്വിരാജിന് ഹിന്ദുവിരുദ്ധ അജണ്ട, മോഹൻലാലിന്റേത് വഞ്ചനയെന്നും വിമര്‍ശനം

രാജ്യത്തെ ഹിന്ദുക്കളെ അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന തരത്തിൽ അവരെ നരഭോജികളെ പോലെ ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ലേഖനം
എമ്പുരാനെതിരെ ആർഎസ്‌എസ്; പൃഥ്വിരാജിന് ഹിന്ദുവിരുദ്ധ അജണ്ട, മോഹൻലാലിന്റേത് വഞ്ചനയെന്നും വിമര്‍ശനം
Published on

മോഹൻലാൽ - പൃഥ്വിരാജ് ചിത്രമായ എമ്പുരാനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മുഖവാരിക ഓർഗനൈസർ. ഗോധ്ര കലാപത്തിന്റെ പശ്ചാത്തലത്തിലൂടെ ഹിന്ദു വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ചിത്രം ശ്രമിച്ചതെന്നാണ് ഓർഗനൈസറിലെ ലേഖനം. പൃഥ്വിരാജ് ചിത്രത്തിൽ രാഷ്ട്രീയസൂക്ഷ്മത കാണിച്ചില്ലെന്നും മോഹൻലാൽ ആരാധകരെ നിരാശപ്പെടുത്തിയെന്നും ലേഖനത്തിൽ ആർഎസ്എസ് വാരിക വിമർശിക്കുന്നു.


ഗോധ്ര കലാപാനന്തരം ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെ തുടങ്ങുന്ന എമ്പുരാൻ ഹിന്ദുവിരുദ്ധത അജണ്ട നടപ്പാക്കുന്നു എന്ന് പറഞ്ഞാണ് ആർഎസ്എസ് മുഖവാരികയിലെ ലേഖനം തുടങ്ങുന്നത്. മോഹൻലാൽ - പൃഥ്വിരാജ് ചിത്രമായ എമ്പുരാൻ രാജ്യത്തെ ഹിന്ദുക്കളെ അങ്ങേയറ്റം അസ്വസ്ഥമാക്കുന്ന തരത്തിൽ അവരെ നരഭോജികളെ പോലെ ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ലേഖനത്തിൽ പറയുന്നു. ഈ സിനിമയുടെ ഹിന്ദുവിരുദ്ധത രാജ്യം ചർച്ച ചെയ്യണമെന്നും ഓർഗനൈസറിൽ വി വിശ്വരാജ് എഴുതിയ ലേഖനത്തിൽ വ്യക്തമാക്കുന്നു.

നടൻ പൃഥ്വിരാജ്, സംവിധായകൻ എന്ന നിലയിൽ രാഷ്ട്രീയ സൂക്ഷ്മത കൈവിട്ടു കളയുകയാണ് സിനിമയിലെന്നും ഇത് രാഷ്ട്രീയ അജണ്ടയാണെന്നും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. എമ്പുരാൻ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുന്ന സിനിമയെന്ന് എടുത്തുപറയുന്ന ലേഖനത്തില്‍, നായകനായ മോഹൻലാലിനെതിരെയും വലിയ വിമർശനമുണ്ട്. മോഹൻലാൽ എല്ലാ വിഭാഗത്തിനും സ്വീകാര്യനായ വലിയ നടനാണ്. ഇത്തരം രാഷ്ട്രീയ ആഖ്യാനങ്ങളുള്ള ചിത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരാധകരോട് കടുത്ത വഞ്ചനയാണ് മോഹന്‍ലാല്‍ കാണിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം. അത് അദ്ദേഹത്തെ സ്നേഹിക്കുന്ന ആരാധകരിൽ നിരാശയും ആ പിന്തുണയിൽ ഇടിവുണ്ടാകുമെന്നുമാണ് ലേഖനത്തിലെ കണ്ടെത്തൽ.

പൗരത്വ ബില്ലിനെതിരെ പരസ്യമായി രംഗത്തുവന്നിടുള്ള നടനാണ് പൃഥ്വിരാജെന്നും രാജ്യവിരുദ്ധ ശക്തികളെ പ്രകീർത്തിക്കാനാണ് സിനിമയിലൂടെ തന്റെ നിലപാടുകളിലൂടെയും എല്ലായ്പ്പോഴും നടൻ ശ്രമിച്ചിട്ടുള്ളതെന്നും ആർഎസ്എസ് വാരികയുടെ ഓൺലൈൻ പതിപ്പിലെ ലേഖനം വിമർശിക്കുന്നു. പൃഥ്വിരാജ് ബിജെപി വിരുദ്ധ നിലപാടുള്ള ആളാണെന്നും നേരത്തെ വാരിയൻകുന്നൻ എന്ന പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടത് അതിന് ഉദാഹരണമാണെന്നും ലേഖനം എടുത്തുപറയുന്നുണ്ട്.

എമ്പുരാൻ സിനിമയെ സിനിമ മാത്രമായി കണ്ടാൽ മതിയെന്ന് ബിജെപി നേതാവ് എംടി രമേശും കേന്ദ്രമന്ത്രി ജോർജ് കുര്യനുമടക്കം ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ മുതിർന്ന ആർഎസ്എസ് നേതാവ് ജെ. നന്ദകുമാർ ചിത്രത്തിനെതിരെ വിമർശന പോസ്റ്റ് ഇടുകയാണ് ചെയ്തത്. ഈ നിലപാടിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ളതാണ് ഓർഗനൈസറിലെ ലേഖനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com