രാത്രികളിലെ RTO ചെക്ക്പോസ്റ്റുകൾ പിൻവലിച്ചു; നിയന്ത്രണം 20 അതിർത്തി ചെക്ക്പോസ്റ്റുകൾക്ക്

സംസ്ഥാനത്തെ 20 അതിർത്തി ചെക് പോസ്റ്റുകൾക്കാണ് നിയന്ത്രണം. രാവിലെ 9 മുതൽ വൈകീട്ട് 5 വരെ മാത്രമായിരിക്കും ഇനി പ്രവർത്തനം.
രാത്രികളിലെ RTO ചെക്ക്പോസ്റ്റുകൾ പിൻവലിച്ചു; നിയന്ത്രണം 20 അതിർത്തി ചെക്ക്പോസ്റ്റുകൾക്ക്
Published on

സംസ്ഥാനത്ത് രാത്രിയിൽ RTO ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ഒഴിവാക്കി ട്രാൻസ്പോർട് കമ്മീഷണർ ഉത്തരവിറക്കി. സംസ്ഥാനത്തെ 20 അതിർത്തി ചെക്ക് പോസ്റ്റുകളുടെയും രാത്രികാല പ്രവർത്തനമാണ് ഒഴിവാക്കിയത്. ഇനി മുതൽ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു വരെയാകും ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുക. ന്യൂസ് മലയാളം എക്സ്ക്ലൂസീവ്.

RTO ചെക്ക് പോസ്റ്റുകൾ പൂർണമായും ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് രാത്രികാല ചെക്ക് പോസ്റ്റ് ഒഴിവാക്കി ട്രാൻസ്പോർട് കമ്മീഷണർ ഉത്തരവിറക്കിയത്. 2022 ൽ തന്നെ RTO ചെക്ക് പോസ്റ്റുകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ നടപ്പിലാക്കിയിരുന്നില്ല.

ഇതിനിടെ വിജിലൻസിന്റെ രാത്രികാല പരിശോധനകളിൽ വാളയാറിൽ നിന്നുൾപ്പടെ ലക്ഷങ്ങൾ പിടിച്ചെടുത്തതും പതിവായി. പരാതി ഉയർന്നതോടെ ട്രാൻസ് പോർട്ട് കമ്മീഷണർ വാളയാർ സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് RTO ചെക്ക് പോസ്റ്റുകളുടെ രാത്രികാല പ്രവർത്തനം നിർത്തുന്നത്. ഇനി മുതൽ പകൽ 9 മുതൽ വൈകീട്ട് 5 മണി വരെയാണ് ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുക. ഈ സമയങ്ങളിൽ ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഒരു ഓഫീസ് അസിസ്റ്റന്റും മാത്രമാണ് ഉണ്ടായിരിക്കുക. അധികം വരുന്ന ജീവനക്കാരെ RTO ഓഫീസുകളിൽ വിന്യസിക്കും.

ലൈസൻസ് നൽകൽ, ഫിറ്റ്നസ് പരിശോധന ഉൾപ്പടെയുള്ള ജോലികൾ കെട്ടി കിടക്കുകയാണെന്നും അധികം വരുന്ന ജീവനക്കാരെ അതിനായി ഉപയോഗപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധന തുടരും. GST വകുപ്പിന്റെ ക്യാമറകൾ ഉപയോഗപ്പെടുത്തി പരിശോധനകൾ നടത്താമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. എന്തായാലും രാത്രികാല ചെക് പോസ്റ്റ് ഒഴിവാക്കിയതോടെ യാത്രക്കാർക്കും ചരക്കുലോറി സർവ്വീസുകാർക്കും ആശ്വാസമാണ്. ഇതിന് മുൻപ് പടി കൊടുക്കാതെ അതിർത്തി കടക്കുക അസാധ്യമായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com