
ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് താഴ്ചയിലെത്തി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ കറൻസിയുടെ മൂല്യം 84 രൂപയിലേക്ക് ഇടിയുന്നത്. ഒരു ഡോളറിന് 84.13 രൂപയാണ് ഇന്നത്തെ വിപണി മൂല്യം. 2024 സെപ്റ്റംബർ 12ന് രേഖപ്പെടുത്തിയ 83.98 എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുന്നതാണ് രൂപയ്ക്ക് പ്രധാനമായും തിരിച്ചടിയാകുന്നത്. ഈ മാസം ഇതുവരെ 54,000 കോടി രൂപ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) ഇന്ത്യൻ ഓഹരികളിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ നിക്ഷേപകർ ചൈനയിലേക്ക് ചുവടുമാറ്റി തുടങ്ങിയതാണ് പ്രധാന വെല്ലുവിളി.
ആഭ്യന്തര സമ്പദ്‍വ്യവസ്ഥയുടെ കരകയറ്റത്തിനായി ചൈനീസ് ഭരണകൂടം അടുത്തിടെ നിരവധി ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇന്ത്യയെ കൈവിടാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. കരുതൽ വിദേശനാണ്യ ശേഖരത്തിൽ നിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ച് രൂപയുടെ മൂല്യത്തകർച്ച തടയാൻ കഴിഞ്ഞ മാസങ്ങളിൽ റിസർവ് ബാങ്ക് കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. അല്ലായിരുന്നെങ്കിൽ രൂപയുടെ മൂല്യത്തകർച്ച നേരത്തെ 84 തൊടുമായിരുന്നു. ആർബിഐ ഇടപെടൽ കാരണമാണ് രൂപ ഒരുവിധം പിടിച്ചുനിൽക്കുന്നത്.
വിദേശ നിക്ഷേപത്തിൻ്റെ കൊഴിഞ്ഞുപോക്കും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഉടൻ ഇനി പലിശനിരക്ക് വലിയ തോതിൽ കുറച്ചേക്കില്ലെന്ന സൂചനകളുടെ കരുത്തിൽ, ഡോളർ ഉണർവിലായതും രൂപയ്ക്ക് മേൽ അധിക സമ്മർദമായേക്കും എന്നാണ് വിലയിരുത്തലുകൾ.