ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് വിഗ്രഹത്തിൽ നിന്ന് കിരീടം നഷ്ട്ടപ്പെട്ടത് ആദ്യം കണ്ടെത്തിയതെന്ന് ബംഗ്ലാദേശ് മാധ്യമമായ ദി ഡെയ്‍ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിന് സമ്മാനിച്ച കാളിദേവിയുടെ കിരീടം മോഷണം പോയി. ബംഗ്ലാദേശിലെ ജശോരേശ്വരി ക്ഷേത്രത്തിലെ കാളി ദേവിയുടെ കിരീടമാണ് മോഷണം പോയത്. 2021 മാർച്ചിലെ ബംഗ്ലാദേശ് സന്ദർശന വേളയിലാണ് സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമിച്ച കിരീടം പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത്.
വ്യാഴാഴ്ച ക്ഷേത്ര പൂജാരി ദിലീപ് മുഖർജി പൂജ കഴിഞ്ഞ് പോയതിനു ശേഷമാണ് കവർച്ച നടന്നത്. ഉച്ചയ്ക്ക് രണ്ടോടെയാണ് മോഷണം നടന്നതെന്നാണ് അനുമാനം. ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയാണ് വിഗ്രഹത്തിൽ നിന്ന് കിരീടം നഷ്ടപ്പെട്ടത് ആദ്യം കണ്ടെത്തിയതെന്ന് ബംഗ്ലാദേശ് മാധ്യമമായ ദി ഡെയ്‍ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.
മോഷ്ടാവിനെ തിരിച്ചറിയാനായി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കോവിഡ് വ്യാപനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യം സന്ദർശനം നടത്തിയത് ബംഗ്ലാദേശിലേക്കായിരുന്നു. അന്നാണ് മോദി ക്ഷേത്രത്തിൽ കിരീടം സമ്മാനിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലടക്കം മോദി പങ്കുവെച്ചിരുന്നു.