'ഇനി ഞങ്ങളുടെ ഊഴം'; മോദിയുടെ ക്ഷണം സ്വീകരിച്ച വ്ളാഡിമർ പുടിൻ ഉടൻ ഇന്ത്യയിലേക്ക്

കഴിഞ്ഞ വർഷത്തെ റഷ്യൻ സന്ദർശന വേളയിൽ മോദി പുടിനെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു
'ഇനി ഞങ്ങളുടെ ഊഴം'; മോദിയുടെ ക്ഷണം സ്വീകരിച്ച വ്ളാഡിമർ പുടിൻ ഉടൻ ഇന്ത്യയിലേക്ക്
Published on

റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിൻ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിൻ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എക്കാലത്തെയും മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും സെർജി ലാവ്‌റോവ് പറഞ്ഞു. എന്നാൽ എന്നായിരിക്കും പുടിൻ്റെ ഇന്ത്യ സന്ദർശനമെന്ന കാര്യത്തിൽ സെര്‍ജി ലാവ്‌റോവ് വ്യക്തത വരുത്തിയിട്ടില്ല.


തുടർച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തേക്കുള്ള തന്റെ ആദ്യ വിദേശ സന്ദർശനം നടത്തി, ഇനി റഷ്യയുടെ ഊഴമാണെന്നായിരുന്നു റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. വ്‌ളാഡിമിർ പുടിൻ്റെ ഇന്ത്യ സന്ദർശനം സംബന്ധിച്ച ക്രമീകരണങ്ങൾ നടന്നുവരികയാണെന്നും സെര്‍ജി ലാവ്‌റോവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ പര്യടനം. സന്ദർശന വേളയിൽ മോദി റഷ്യൻ പ്രസിഡന്റിനെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ക്ഷണം വ്‌ളാഡിമിർ പുടിൻ സ്വീകരിച്ചെന്നും, ഇന്ത്യയിലേക്കുള്ള സന്ദർശനം ആസൂത്രണം ചെയ്യുകയാണെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു. 2022 ഫെബ്രുവരിയിൽ റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.


2000-ലെ തന്ത്രപരമായ പങ്കാളിത്ത പ്രഖ്യാപനം മുതൽക്കാണ് ഇന്ത്യ-റഷ്യ ബന്ധം വളരുന്നത്. പ്രതിരോധ മേഖലയിലും ഇന്ന് ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് റഷ്യ. എസ്-400 മിസൈൽ പ്രതിരോധ സംവിധാനം, സുഖോയ് Su-30 MKI യുദ്ധവിമാനങ്ങൾ, ബ്രഹ്മോസ് മിസൈൽ തുടങ്ങി ഇന്ത്യയുടെ സൈനിക ഉപകരണങ്ങളിൽ 60 ശതമാനവും റഷ്യയിൽ നിന്നുള്ളവയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com