
റഷ്യയുടെ ഏറ്റവും പുതിയ ന്യൂക്ലിയര്‍ മിസൈലുകള്‍ പ്രവര്‍ത്തന സജ്ജമായതായി സൂചന. ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന, ആണവായുധ സജ്ജമായ ക്രൂയിസ് മിസൈല്‍ 9എം370 ബുറെവെസ്റ്റ്‍നിക് റഷ്യയില്‍ വിന്യസിച്ചേക്കാവുന്ന ഇടങ്ങള്‍ കണ്ടെത്തിയതായി രണ്ട് യു.എസ് ഗവേഷകര്‍ വെളിപ്പെടുത്തി. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ "അജയ്യം" എന്ന് വിശേഷിപ്പിച്ച മിസൈലുകളെക്കുറിച്ചുള്ള ഗവേഷകരുടെ കണ്ടെത്തലാണ് റോയിട്ടേഴ്സ് പുറത്തുവിട്ടിരിക്കുന്നത്.
കൊമേഴ്സ്യല്‍ സാറ്റലൈറ്റ് കമ്പനിയായ പ്ലാനെറ്റ് ലാബ്സ് ജൂലൈ 26നെടുത്ത ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് യുഎസ് ഗവേഷകരുടെ കണ്ടെത്തല്‍. റഷ്യന്‍ തലസ്ഥാനമായ മോസ്കോയുടെ 475 കിലോമീറ്റര്‍ വടക്കാണ് ആണവ മിസൈല്‍ വിക്ഷേപണത്തിന് സാധ്യതയുള്ള സ്ഥലം സംഘം കണ്ടെത്തിയിരിക്കുന്നത്. വൊളോഗ്‌ദ 20, ചെബ്‌സര എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്ന ആണവായുധ, യുദ്ധ സന്നാഹ-സംഭരണ കേന്ദ്രത്തിിനൊപ്പം പുതിയ നിര്‍മിതികള്‍ നടക്കുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
എസ്‌എസ്‌സി-എക്സ്-9 സ്കൈഫാള്‍ എന്ന് നാറ്റോ വിശേഷിപ്പിക്കുന്ന മിസൈല്‍, റേഞ്ച് പരിധിയില്ലാതെ ഉപയോഗിക്കാനാകുമെന്നാണ് പുടിന്‍ വ്യക്തമാക്കിയിട്ടുള്ളത്. യു.എസിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് പുതിയ മിസൈലെന്നുമാണ് റഷ്യയുടെ അവകാശവാദം. എന്നാല്‍, ആണവ അണുവികിരണത്തിന്റെ പരിണിതികള്‍ രൂക്ഷവും ദൂരവ്യാപകവും ആകുമെന്നതിനാല്‍, അപകടകരമായ രീതിയില്‍ റഷ്യ മിസൈല്‍ ഉപയോഗിച്ചേക്കില്ലെന്നാണ് സുരക്ഷാവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ആണവായുധങ്ങളുമായി ബന്ധപ്പെട്ട റഷ്യയുടെ പരീക്ഷണങ്ങള്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, റോയിട്ടേഴ്സ് റിപ്പോര്‍ട്ടിനോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്യൂറെവെസ്‌റ്റ്നിക്കിൻ്റെ തന്ത്രപരമായ മൂല്യം, പരീക്ഷണ വിവരങ്ങള്‍, അപകടസാധ്യതകൾ എന്നിവയെക്കുറിച്ചും റഷ്യയോ, സൈന്യമോ പ്രതികരിച്ചിട്ടില്ല. യുഎസ്, യുഎസ് എയർഫോഴ്‌സ് നാഷണൽ എയർ ആൻഡ് സ്‌പേസ് ഇൻ്റലിജൻസ് സെൻ്റർ എന്നിവരും പുതിയ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.