
ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യൻ അതിർത്തി കടന്നെത്തിയ മിസൈലുകളെയും ഡ്രോണുകളെയും തകർത്തെറിഞ്ഞ ഇന്ത്യയുടെ വജ്രായുധം. ഇന്ത്യൻ വ്യോമസേനയുടെ സുദർശന ചക്രം, എസ് 400 വ്യോമ പ്രതിരോധ സംവിധാനത്തിന്‍റെ അരങ്ങേറ്റം പാകിസ്താനെതിരെ തന്നെ.
അമേരിക്കയെ വെല്ലുവിളിച്ച് റഷ്യയിൽ നിന്ന് രാജ്യം വാങ്ങിയ വ്യോമ പ്രതിരോധ സംവിധാനം. അറിയാം രാജ്യത്തിന് കവചമൊരുക്കിയ സുദർശന ചക്രത്തിന്‍റെ വിശദമായ വിവരങ്ങൾ.
കഴിഞ്ഞ രാത്രിയിൽ പാകിസ്താൻ ഇന്ത്യയുടെ അതിർത്തി രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണ പരമ്പരകളിൽ നിശ്ചലമായത് 15 നഗരങ്ങളാണ്. ജനവാസമേഖലകളെയും ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണ ശ്രമത്തെ തകർത്തത് മിസൈല്‍ പ്രതിരോധ സംവിധാനമായ സുദർശന ചക്രം എന്ന എസ് 400 ആണ്. യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ ഉപയോഗിച്ച് ശത്രുരാജ്യം നടത്തുന്ന ഏതൊരു ആക്രമണത്തെയും ലക്ഷ്യത്തിലെത്തും മുന്‍പ് നിര്‍വീര്യമാക്കാന്‍ സാധിക്കുന്ന പ്രതിരോധ സംവിധാനമാണ് സുദര്‍ശന്‍ ചക്ര.
മൊബൈൽ സർഫസ്-ടു-എയർ മിസൈൽ സംവിധാനമായ എസ് 400 ട്രയംഫിനെ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങിയതാണ്. ശ്രീകൃഷ്ണന്റെ സുദർശൻ ചക്രത്തിന്‍റെ സൂചകമായിട്ടാണ് ഇതിന് സുദർശൻ എന്ന് പേരിട്ടത്. ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും മികച്ച നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനം. 40 മുതല്‍ 400 കിലോമീറ്റര്‍ ദൂരെ നിന്നുള്ള ആക്രമണങ്ങളെ കണ്ടെത്താനും ലക്ഷ്യത്തിലെത്തും മുന്‍പ് അവയെ തകര്‍ക്കാനും ശേഷി. എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന് ഒരേസമയം 36 ഇടത്തേക്ക് 72 മിസൈലുകൾ വിക്ഷേപിക്കാനാകും.
നാല് തരം മിസൈലുകൾ സജ്ജീകരിച്ചിരിക്കുന്നു. ശത്രു വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പൊടുന്നനെ നിഷ്പ്രഭമാക്കാം. 400 കിലോമീറ്റർ, 250 കിലോമീറ്റർ, 20 കിലോമീറ്റർ, 40 കിലോമീറ്റർ എന്നിങ്ങനെ വിവിധ ദൂരപരിധികളിലേക്ക് വിക്ഷേപണം സാധ്യം. റഡാറുപയോഗിച്ച് ശത്രു വിമാനങ്ങളെയും മിസൈലുകളെയും ഡ്രോണുകളേയും ലോക്ക് ചെയ്ത് വെടിവെച്ചിടാനുള്ള പര്യാപ്തത. എന്നിങ്ങൻെ സവിശേഷതകൾ ഒട്ടേറെയുണ്ട്.
അഞ്ച് എസ് 400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കായി ഇന്ത്യയും റഷ്യയും തമ്മിൽ ഏർപ്പെട്ടത് 35,000 കോടി രൂപയുടെ കരാറിലാണ്. ഇതിൽ മൂന്നെണ്ണമാണ് രാജ്യത്ത് എത്തിച്ചിട്ടുള്ളത്. 2021-ൽ ആദ്യ എസ് 400-നെ പഞ്ചാബിലാണ് വിന്യസിച്ചത്. റഷ്യ യുക്രെയ്ൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് അവശേഷിക്കുന്ന എസ് 400 എത്താൻ വൈകുന്നത്.
റഷ്യ യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ എസ് 400 വാങ്ങുന്നതിൽ നിന്ന് അമേരിക്ക ഇന്ത്യയെ വിലക്കിയിരുന്നു. ഇത്ര വലിയ മുതൽമുടക്കിൽ ഇത് വാങ്ങുന്നതിനെതിരെ നയതന്ത്രപരമായ സമ്മർദ്ദമാണ് അമേരിക്ക ചെലുത്തിയത്. എന്നാൽ പ്രാദേശിക സുരക്ഷയുടെ ആവശ്യകത ചൂണ്ടിക്കാട്ടി നിലപാടിൽ ഉറച്ച് നിന്ന ഇന്ത്യ എസ് 400 വാങ്ങുകയായിരുന്നു. രാജ്യത്തിന്‍റെ ഇച്ഛാശക്തിയുടെയും ദീർഘവീക്ഷണത്തിന്‍റെയും പ്രതിരോധ ശക്തിയുടെയും പ്രതീകമാകുന്നു സുദർശന ചക്രം.