15 വർഷങ്ങൾക്ക് മുൻപ് ഡിആർഡിഒ മുൻ ശാസ്ത്രജ്ഞൻ ഡോ. പ്രഹ്ളാദ രാമറാവുവാണ് ഇന്ത്യക്കായി ഈ പ്രതിരോധ സംവിധാനം രൂപകൽപ്പന ചെയ്തത്
വ്യാഴാഴ്ച രാത്രി നടന്ന പാകിസ്ഥാൻ മിസൈൽ ഡ്രോൺ ആക്രമണങ്ങളെ നിർവീര്യമാക്കുന്നതിലും പശ്ചിമ മേഖലയിലെ നഗരങ്ങളെ സംരക്ഷിക്കുന്നതിലും നിർണായക പങ്കുവഹിച്ചത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈൽ സംവിധാനമാണ്. ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേസമയം ആക്രമിക്കാൻ രൂപകൽപ്പന ചെയ്ത ഉപരിതല-വ്യോമ പ്രതിരോധ സംവിധാനമാണ് ആകാശ്. 15 വർഷങ്ങൾക്ക് മുൻപ് ഡിആർഡിഒ മുൻ ശാസ്ത്രജ്ഞൻ ഡോ. പ്രഹ്ളാദ രാമറാവുവാണ് ഇന്ത്യക്കായി ഈ പ്രതിരോധ സംവിധാനം രൂപകൽപ്പന ചെയ്തത്.
മെയ് എട്ടിന് രാത്രി ഇന്ത്യൻ ജനതയുടെ ജീവന് 'ആകാശ്' പ്രതിരോധം തീർത്തപ്പോൾ അത് രാമറാവുവിന്റെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമായി മാറി. "എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണത്," തന്റെ സൃഷ്ടി പാക് മിസൈലുകളെ കൃത്യമായി വെടിവെച്ചുവീഴ്ത്തുന്നതു കണ്ട പ്രഹ്ളാദ രാമറാവു എൻഡിടിവിയോട് പറഞ്ഞു. 'ആകാശ്' ഫലപ്രദമായി പ്രവർത്തിക്കുന്നത് കണ്ടതും തന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞുവെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യയുടെ മിസൈൽ മാൻ, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം നേരിട്ടാണ് ആകാശ് പ്രോഗ്രാമിലേക്ക് പ്രഹ്ളാദ രാമറാവുവിനെ തെരഞ്ഞെടുത്തത്. ആ പ്രോഗ്രാമിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊജക്ട് ഡയറക്ടറായിരുന്നു ഇന്ന് 78 വയസ് പ്രായമുള്ള രാമറാവു. തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹത്തിന് ഈ പ്രോഗ്രാമിനെ സംബന്ധിച്ച് ഒരുപാട് ഓർമകളുണ്ട്. ഡ്രോണുകൾ, മിസൈലുകൾ, ഹെലികോപ്റ്ററുകൾ, കൂടാതെ യുഎസ് നിർമിത സൂപ്പർസോണിക് എഫ്-16 പോലെ ഉയർന്ന വേഗതയിൽ പായുന്ന യുദ്ധവിമാനങ്ങൾ പോലും തടയാൻ ശേഷിയുള്ള ഈ സംവിധാനം സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം ആദ്യം മടിച്ചിരുന്നതായി അദ്ദേഹം ഓർമിക്കുന്നു.
പാകിസ്ഥാൻ തുടർച്ചയായി വ്യോമാക്രമണം നടത്തുമ്പോഴും അവ എല്ലാം പരാജയപ്പെടുന്നത് ഇന്ത്യയുടെ ഇന്റർഗ്രേറ്റഡ് കൗണ്ടർ-അൺമാൻഡ് ഏരിയൽ സിസ്റ്റം ഗ്രിഡിന്റെ മുന്നിലാണ്. ആകാശിനൊപ്പം റഷ്യൻ നിർമ്മിത എസ്-400ഉം മറ്റ് ആന്റി എയർക്രാഫ്റ്റ് ആയുധ സംവിധാനങ്ങളും സംയോജിതമായി പ്രവർത്തിച്ചാണ് ഇന്ത്യക്ക് മേൽ അഭേദ്യമായ കവചം തീർക്കുന്നത്. ഈ ഹൈടെക് പ്രതിരോധ സംവിധാനത്തിലുള്ള ആത്മവിശ്വാസത്തിലാണ്, സ്വന്തം ആകാശത്തെ സംരക്ഷിക്കാൻ മാത്രമല്ല, അത് നിയന്ത്രിക്കാനും ഇപ്പോൾ സാധിക്കുമെന്ന് ഇന്ത്യ അഭിമാനത്തോടെ പറയുന്നത്. 'സാരാ ആകാശ് ഹമാരാ' എന്ന ടാഗ്ലൈനോട് പൂർണമായി ആകാശ് നീതിപുലർത്തുന്നു. ഇന്ത്യക്ക് കവചം തീർത്ത് 'ഈ ആകാശം മുഴുവൻ നമ്മുടേതാണ്' എന്ന് ഉറക്കെപ്പറയുന്നു.
ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡാണ് ആകാശ് സിസ്റ്റം നിർമിക്കുന്നത്. പൂർണമായും ഓട്ടോമാറ്റിക്കായ ഈ സംവിധാനം സൈന്യത്തിന് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 20 കിലോമീറ്റർ വരെ ഉയരത്തിലുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ആകാശിന് സാധിക്കും. ഓരോ ലോഞ്ചറും മൂന്ന് മിസൈലുകൾ വഹിക്കും. ഓരോ മിസൈലും 60 കിലോഗ്രാം വാർഹെഡ് വഹിക്കും. ഓരോ മിസൈലിനും ഏകദേശം 20 അടി നീളവും 710 കിലോഗ്രാം ഭാരവുമുണ്ട്. ഇവ 'ഫയർ ആൻഡ് ഫോർഗെറ്റ്' മോഡിലാണ് പ്രവർത്തിക്കുന്നത്.