ശബരിമലയിൽ ഇനി ഉത്സവക്കാലം; ഇന്ന് നട തുറക്കും, പൈങ്കുനി ഉത്രം ഉത്സവത്തിന് നാളെ കൊടിയേറും

നാളെ മുതൽ ദിവസവും പുലർച്ചെ അഞ്ചുമണിക്ക് നട തുറന്ന് പതിവ് പൂജകൾ നടക്കും. നാളെ രാവിലെ 9 . 45 നും 10.45 നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറ്റും.
ശബരിമലയിൽ ഇനി ഉത്സവക്കാലം; ഇന്ന് നട തുറക്കും, പൈങ്കുനി ഉത്രം ഉത്സവത്തിന് നാളെ കൊടിയേറും
Published on

ശബരിമലയിൽ ഇനി തിരു ഉത്സവ രാവുകൾ. പൈങ്കുനി ഉത്രം, വിഷു മഹോത്സവം, മേടമാസ പൂജകൾ എന്നിവയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. പൈങ്കുനി ഉത്രം ഉത്സവത്തിന് നാളെയാകും കൊടിയേറുക. പതിനൊന്നാം തീയതിയാണ് പമ്പയിൽ ആറാട്ട്. ഇന്ന് വൈകിട്ട് 5ന് തുറക്കുന്ന നട, തുടർച്ചയായ 18 ദിവസമാണ് തുറന്നിരിക്കുക.

ശബരിമല സന്നിധാനം ശരണമന്ത്ര മുഖരിതമാവുകയാണ് ഇനിയുള്ള 18 ദിനരാത്രങ്ങളിൽ. പൈങ്കുനി ഉത്രം ഉത്സവം, വിഷു, മേടമാസ പൂജകൾ എന്നിവയ്ക്കായി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കും. നാളെ മുതൽ ദിവസവും പുലർച്ചെ അഞ്ചുമണിക്ക് നട തുറന്ന് പതിവ് പൂജകൾ നടക്കും. നാളെ രാവിലെ 9 . 45 നും 10.45 നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരര്, കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്ന് പൈങ്കുനി ഉത്രം ഉത്സവത്തിന് കൊടിയേറ്റും.

ഏപ്രിൽ മൂന്നിന് ഉത്സവബലി തുടങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും വൈകീട്ടും മുളപൂജ. ആറാം തീയതി വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. രാത്രി ശ്രീഭൂതബലിക്കുശേഷമാണ് എഴുന്നള്ളത്ത്. പത്താം തീയതി രാത്രി ഒൻപതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത് നടക്കും. തിരികെയെത്തി പഴുക്കാമണ്ഡപത്തിൽ വിശ്രമം. പിറ്റേന്ന് പുലർച്ചെ ശ്രീകോവിലിലേക്ക് മടങ്ങി പൂജകൾ നടക്കും. പതിനൊന്നാം തീയതി രാവിലെ ഒൻപതോടെയാണ് പമ്പയിലേക്ക് അറാട്ട് എഴുന്നള്ളത്ത് നടക്കുക.


ആറാട്ടുകഴിഞ്ഞ് തിരിച്ചു വരുംവരെ ദർശനമില്ല. രാവിലെ 11 മണിക്ക് പമ്പയിൽ ആറാട്ട്. തുടർന്ന് പമ്പാഗണപതിക്ഷേത്രത്തിൽ ഭഗവാനെ എഴുന്നള്ളിച്ചിരുത്തും. വൈകീട്ട് നാലോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തുമ്പോൾ ഉത്സവം കൊടിയിറങ്ങും. രാത്രി 10-ന് നട അടയ്ക്കും. ഏപ്രിൽ 12-ന് വിഷു മഹോൽസവത്തിന് നട തുറക്കും. 14-ന് വിഷു ദിനത്തിൽ പുലർച്ചെ മൂന്നിന് വിഷുക്കണി ദർശനം. 18-ആം തീയതി രാത്രി 10 മണിക്ക് പൂജകൾ പൂർത്തിയാക്കി നട അടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com