
അമേരിക്കൻ മണ്ണിൽ ആവേശമാകാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. അമേരിക്കയുടെ നാഷണല്‍ ക്രിക്കറ്റ് ലീഗ് ഉടമസ്ഥരുടെ ഭാഗമാകും. ക്രിക്കറ്റിന് വേരോട്ടമില്ലാത്ത മണ്ണിൽ ക്രിക്കറ്റ് വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിഹാസത്തിന്റെ ലീഗിലേക്കുള്ള പ്രവേശനം. നാഷണല്‍ ക്രിക്കറ്റ് ലീഗിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. യുഎസിലെ ക്രിക്കറ്റിൻ്റെ വളർച്ച നേരിട്ട് കാണാനും ഞാൻ ആഗ്രഹിക്കുന്നുവെന്ന് സച്ചിൻ പറഞ്ഞു. സച്ചിൻ വരുന്നതോടെ ക്രിക്കറ്റിന് അമേരിക്കയിൽ ജനപ്രീതി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
സച്ചിൻ ടെണ്ടുൽക്കറെ നാഷണൽ ക്രിക്കറ്റ് ലീഗ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ അവിശ്വസനീയമാംവിധം ആവേശഭരിതരാണെന്ന് എൻസിഎൽ ചെയർമാൻ അരുൺ അഗർവാൾ പറഞ്ഞു. സുനിൽ ഗവാസ്‌കർ, സഹീർ അബ്ബാസ്, വസീം അക്രം, ദിലീപ് വെങ്‌സർക്കാർ, സർ വിവിയൻ റിച്ചാർഡ്‌സ്, വെങ്കിടേഷ് പ്രസാദ്, സനത് ജയസൂര്യ, മോയിൻ ഖാൻ, ബ്ലെയർ ഫ്രാങ്ക്ലിൻ തുടങ്ങി നിരവധി ഇതിഹാസ താരങ്ങൾ ലീഗിന്‍റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിശീലകരുടെയും ഉപദേശകരുടെയും റോളുകളിലാകും ഇവരില്‍ പലരുമെത്തുക.
സൂപ്പർ താരങ്ങളായ ഷാഹിദ് അഫ്രീദി, സുരേഷ് റെയ്‌ന, ദിനേശ് കാർത്തിക്, ഷാക്കിബ് അൽ ഹസൻ, റോബിൻ ഉത്തപ്പ, തബ്രൈസ് ഷംസി, ക്രിസ് ലിൻ, എഞ്ചലോ മാത്യൂസ്, കോളിൻ മൺറോ, സാം ബില്ലിംഗ്‌സ്, മുഹമ്മദ് നബി, ജോൺസൺ ചാൾസ് എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള മുൻനിര താരങ്ങളും ഇത്തവണത്തെ എൻസിഎല്ലിൽ കളിക്കുന്നുണ്ട്. അതിവേഗ ക്രിക്കറ്റ് രൂപമായ 60 സ്ട്രൈക്സ് രൂപത്തിലാണ് ഇത്തവണത്തെ എൽസിഎൽ സംഘടിപ്പിക്കുന്നത്.