സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശുപാർശ നൽകിയത്
സംസ്ഥാനത്ത് ഒൻപത് വർഷത്തിന് ശേഷം വീണ്ടും നദികളിൽ നിന്ന് മണൽവാരൽ പുനരാരംഭിക്കുന്നു. ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സമർപ്പിച്ച എസ്പിഒക്ക് റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശുപാർശ നൽകിയത്.
കേന്ദ്ര പരിസ്ഥിതി, വനം , കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങൾ, മാർഗ നിർദേശങ്ങൾ, സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ വിധിന്യായങ്ങൾ എന്നിവ ആധാരമാക്കി സമർപ്പിച്ച മാർഗരേഖയ്ക്കാണ് അംഗീകാരം നൽകിയത്. ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല സമിതികൾക്കാണ് മണൽ ഖനനത്തിനുള്ള മേൽനോട്ടം. മണൽ വാരുന്നതിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് മാർഗനിർദേശം ജില്ല കളക്ടർമാർ പുറപ്പെടുവിക്കും.
നദികളിൽ നിന്ന് ഒന്നേ മുക്കാൽ കോടിയോളം മെട്രിക് ടൺ മണൽ ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിംഗിൽ കണ്ടെത്തിയത്. ഇതിലൂടെ സർക്കാരിന് 1500 കോടി രൂപയിലേറെ വരുമാനം കിട്ടിയേക്കും. സംസ്ഥാനത്തെ മണൽ ക്ഷാമത്തിനും നടപടി പരിഹാരമാകും. 2016-ലെ നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിൽ, പാരിസ്ഥിതിക അനുമതിയുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നദികളിലെ മണൽ ഖനനം നിർത്തിവച്ചത്. മണൽ വാരൽ പുനരാരംഭിക്കുമെന്ന് 2024-25 ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.