മാനവ സംസ്കാരം മലപ്പുറത്തിന് ലഭിക്കാൻ കാരണം പാണക്കാട് കുടുംബമെന്ന് സന്ദീപ്; ആശംസകള്‍ നേർന്ന് സാദ്ദിഖലി തങ്ങള്‍

മലപ്പുറവുമായുള്ളത് പൊക്കിൾക്കൊടി ബന്ധമാണെന്നാണ് സന്ദീപ് വാര്യർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്
മാനവ സംസ്കാരം മലപ്പുറത്തിന് ലഭിക്കാൻ കാരണം പാണക്കാട് കുടുംബമെന്ന് സന്ദീപ്; ആശംസകള്‍ നേർന്ന് സാദ്ദിഖലി തങ്ങള്‍
Published on
Updated on

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദ്ദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യർ. പി.കെ. കുഞ്ഞാലികുട്ടി , എൻ.ഷംസുദ്ദീൻ, ഹാരീസ് ബീരാൻ തുടങ്ങിയ നേതാക്കളും ചർച്ചയില്‍ പങ്കെടുത്തു. ഇന്നലെയാണ് ബിജെപി വിട്ട സന്ദീപ് കോണ്‍ഗ്രസിന്‍റെ ഭാഗമായത്.

മലപ്പുറവുമായുള്ളത് പൊക്കിൾക്കൊടി ബന്ധമാണെന്നാണ് സന്ദീപ് വാര്യർ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. മാനവ സംസ്കാരം മലപ്പുറത്തിന് ലഭിക്കാൻ കാരണം പാണക്കാട് കുടുംബമാണ്. മുസ്ലീം ലീഗുകാർക്ക് തന്നെ കുറിച്ച് നല്ല ധാരണയുണ്ടെന്നും സന്ദീപ് പറഞ്ഞു. പാണക്കാട്ടേക്കുള്ള ആദ്യ വരവാണ്. ഇനി എപ്പോഴും വരാനുള്ള സ്വാതന്ത്ര്യം ലഭിച്ചു എന്ന് പ്രതീക്ഷിക്കുന്നുവെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വിമർശിക്കാനും സന്ദീപ് മറന്നില്ല. "ഇരിക്കുന്ന കസേരയുടെ വലുപ്പം അറിയാത്തത് സുരേന്ദ്രനാണ്. എനിക്ക് ഇപ്പോൾ കിട്ടിയത് വലിയ കസേരയാണ്. പാർട്ടിയെ പിളർത്താനുള്ള ക്വട്ടേഷനുമായി വന്നതല്ല ഞാന്‍. പാലക്കാട് അസ്വസ്ഥരായ നിരവധി പേരുണ്ട്. പ്രിയ അജയനെ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് മാറ്റിയത് ഹീനമാണ് എന്ന് എല്ലാവർക്കും അറിയാം. നിരവധി പേർ തന്നെ ബന്ധപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാണുന്നത് ട്രെയിലറാണ്, സിനിമ വരുന്നതേയുള്ളൂ. ", സന്ദീപ് പറഞ്ഞു. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തുന്ന ആദ്യത്തെയും അവസാനത്തെയും ആളല്ല സന്ദീപ് വാര്യർ എന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ പറഞ്ഞിരുന്നു.

സിപിഎം-ബിജെപി ബന്ധത്തെപ്പറ്റി സന്ദീപ് ആവർത്തിച്ചു. തന്നെക്കൊല്ലാൻ സിപിഎം- ബിജെപി ക്വട്ടേഷൻ വരുമോ എന്ന് ഭയം ഉണ്ട്. രാജേഷും സുരേന്ദ്രനും സയാമീസ് ഇരട്ടകളെ പോലെയാണ്. തനിക്കെതിരെ ഒരുപോലെയാണ് ഇവർ ആക്ഷേപം ഉന്നയിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

സന്ദീപ് മുൻകാല നിലപാടുകൾ മാറ്റി മതേതര നിലപാടുകളിലേക്ക് വന്നതിൽ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സാദ്ദിഖലി തങ്ങളുടെ പ്രതികരണം. മുസ്ലീം ലീഗ് അധ്യക്ഷന്‍ സന്ദീപിനു എല്ലാ വിജയാശംസകളും നേർന്നു.


അതേസമയം, സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തെ രൂക്ഷമായ ഭാഷയിലാണ് സിപിഎം നോതാക്കള്‍ വിമർശിക്കുന്നത്. കോൺഗ്രസ് ആർഎസ്എസ് ക്യാമ്പായി മാറിയെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍റെ പ്രതികരണം.

"സന്ദീപ് വാര്യരുടെ വലതുവശത്ത് ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നയാൾ. ഇടത്ത് ഗോൾവാൾക്കറെ തൊഴുന്നയാള്‍. സന്ദീപ് വാര്യർ ഇപ്പോഴും ആർഎസ്എസാണ്. ആർഎസ്എസ് വിട്ടിട്ടില്ല. ആശയങ്ങൾ തള്ളിപ്പറഞ്ഞല്ല കോൺഗ്രസിലേക്ക് പോയത്. സന്ദീപിനെ ആശ്വസിപ്പിച്ചത് അമ്മ മരിച്ച കാര്യം പറഞ്ഞതിനാലാണ്. അങ്ങനെ എല്ലാവരെയും ആശ്വസിപ്പിക്കും", എ.കെ. ബാലന്‍ പറഞ്ഞു.

വിദ്വേഷ പ്രചരണത്തിന്റെ കാളകൂട വിഷമാണ് സന്ദീപ് വാര്യർ എന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്‍റെ പ്രതികരണം. നിലപാട് തിരുത്തിയാൽ സ്വീകരിക്കുമെന്നാണ് സിപിഎം പറഞ്ഞതെന്നും രാജേഷ് വ്യക്തമാക്കി.

ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ സന്ദീപിനെ സിപിഎമ്മിലേക്ക് എത്തിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍, സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശം അപ്രതീക്ഷിതമായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ നടപടിയെടുക്കാം എന്ന് കരുതിയ ബിജെപി സംസ്ഥാന നേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു നീക്കങ്ങൾ. കെ.സി. വേണുഗോപാലായിരുന്നു സന്ദീപിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിനു പിന്നില്‍ പ്രവർത്തിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com