സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

സുപ്രീംകോടതിയിലെ ആറ് വർഷ പ്രവർത്തന കാലയളവിൽ നിരവധി നിർണായക വിധികളാണ് സഞ്ജീവ് ഖന്ന ഭാഗമായ ബെഞ്ചിൽ നിന്നുമുണ്ടായത്
സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു
Published on

ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു.  രാഷ്ട്രപതി ഭവനില്‍ വച്ച് രാവിലെ 10 മണിക്ക് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് വിരമിച്ചതിനെ തുടർന്നാണ് സഞ്ജീവ് ഖന്നയുടെ നിയമനം.

വ്യക്തിപരമോ രാഷ്ട്രീയമോ ആയ ലാഭത്തിനു വേണ്ടി തൻ്റെ സ്ഥാനമാനങ്ങൾ ഉപയോഗിക്കാതിരുന്ന ഹാൻസ് രാജ് ഖന്നയുടെ പിൻതലമുറക്കാരനാണ് സഞ്ജീവ് ഖന്ന. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഹനിക്കുന്ന 'മിസ' എടുത്ത് കളയണമെന്ന ആവശ്യം പരിഗണിച്ച അഞ്ചംഗ സുപ്രീംകോടതി ബെഞ്ചിൽ ഇന്ദിര സർക്കാരിനെതിരെ നിലപാടെടുത്ത ഒരേ ഒരാളായിരുന്നു സഞ്ജീവ് ഖന്നയുടെ അമ്മാവൻ ജസ്റ്റിസ് ഹാൻസ് രാജ് ഖന്ന. അതിന് അദ്ദേഹത്തിന് ത്യജിക്കേണ്ടി വന്നത് ചീഫ് ജസ്റ്റിസ് പദവിയാണ്. സ്വേച്ഛാധിപത്യത്തിനെ എതിർത്തുള്ള ഇറങ്ങിപ്പോക്കായാണ് അതിനെ വിലയിരുത്തുന്നത്. അന്ന് ഹാൻസ് രാജ് ഖന്നയ്ക്ക് ത്യജിക്കേണ്ടിവന്ന അതേ പദവിയിലേക്കാണ് വർഷങ്ങൾക്ക് ശേഷം സഞ്ജീവ് ഖന്ന എത്തുന്നത്.

1983ൽ ഡൽഹി ബാർ കൗൺസിലാണ് സഞ്ജീവ് ഖന്ന അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. പിന്നീട് ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്‌ടീസ്‌ ചെയ്‌തു. ദീർഘകാലം ആദായനികുതി വകുപ്പിന്‍റെ സീനിയർ സ്‌റ്റാൻഡിങ് കൗൺസിലായിരുന്നു. 2004ൽ ഡൽഹി സ്‌റ്റാൻഡിങ് കൗൺസലായി നിയമിക്കപ്പെട്ടു. 2005ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി. ടാക്സ് ഡിപാർട്ട്മെന്‍റിലും പ്രവർത്തിച്ചിരുന്നു. രണ്ട് പതിറ്റാണ്ടോളം നീണ്ട ജുഡീഷ്യൽ ജീവിതത്തിന്‍റെ ഭൂരിഭാഗവും ഡൽഹിയിൽ തന്നെയായിരുന്നു ഖന്ന ചിലവഴിച്ചത്.

Also Read: "എൻ്റെ എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടെ"; വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

സുപ്രീംകോടതിയിലെ ആറ് വർഷ പ്രവർത്തന കാലയളവിൽ നിരവധി നിർണായക വിധികളാണ് സഞ്ജീവ് ഖന്ന ഭാഗമായ ബെഞ്ചിൽ നിന്നുമുണ്ടായത്. ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് പറഞ്ഞ് സുപ്രീം കോടതിയിലെ അഞ്ച് അംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു സഞ്ജീവ് ഖന്ന. 2023ല്‍ ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരിവെച്ച ബെഞ്ചിന്റെ ഭാഗവുമായിരുന്നു ഖന്ന. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതും സഞ്ജീവ് ഖന്നയുടെ ബെഞ്ചായിരുന്നു. 2025 മെയ്‌ 13ന്‌ വിരമിക്കുന്ന ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന ആറുമാസത്തിലേറെ ചീഫ്‌ ജസ്‌റ്റിസ്‌ പദവിയിലുണ്ടാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com