നേരത്തെ സഞ്ജുവിൻ്റെ കാലിന് പരുക്കേറ്റതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നൊരുക്കം തുടങ്ങി മലയാളി താരം സഞ്ജു സാംസൺ. സഞ്ജു അവസാനമായി കളിച്ചത് കേരള ടീമിനായി സയ്യിദ് മുഷ്താഖലി ട്രോഫിയിലാണ്. വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി താരം പിന്മാറുകയും ചെയ്തിരുന്നു. സഞ്ജുവിൻ്റെ കാലിന് പരുക്കേറ്റതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ജനുവരി 22നാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സഞ്ജു. ജിമ്മിൽ കഠിനമായ വർക്കൗട്ടുകൾ ചെയ്യുന്ന വീഡിയോ സഞ്ജു ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി വെച്ചിട്ടുണ്ട്. നേരത്തെ ദുബായിൽ ആയിരുന്ന സമയത്ത് സഞ്ജുവിൻ്റെ കാലിൽ ഒരു ബാൻഡേജ് ദൃശ്യമായിരുന്നു. പുതിയ വീഡിയോകളിൽ അത് മാറ്റിയെന്നതും വ്യക്തമാണ്.
ദക്ഷിണാഫ്രിക്കൻ സീരീസിലാണ് സഞ്ജു സാംസൺ അവസാനമായി ഇന്ത്യക്കായി കളിച്ചത്. നാല് മാച്ചുകളുടെ പരമ്പരയിൽ രണ്ട് സെഞ്ചുറികളാണ് മലയാളി താരം അടിച്ചെടുത്തത്. അവസാനം കളിച്ച അഞ്ച് ടി20 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറികൾ നേടാൻ സഞ്ജുവിന് സാധിച്ചിരുന്നു. സഞ്ജു തിളങ്ങിയ മത്സരങ്ങളിലെല്ലാം ഇന്ത്യ അനായാസം ജയിച്ചുകയറിയിരുന്നു. ഈ മത്സരങ്ങളെല്ലാം ഹൈ സ്കോറിങ് മാച്ചുകളായിരുന്നു. ഈ ഫോം തുടരാൻ സഞ്ജുവിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, വിജയ് ഹസാരെ ടൂർണമെൻ്റിൽ കളിക്കാതിരുന്നത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി സെലക്ഷനിൽ പരിഗണിക്കാതിരിക്കാൻ കാരണമാകുമെന്നും സൂചനയുണ്ട്. ചാംപ്യൻസ് ട്രോഫിയിൽ വിക്കറ്റ് കീപ്പർ ബാറ്ററായി പ്രഥമ പരിഗണന റിഷഭ് പന്തിന് തന്നെയാകും ലഭിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. ഏറെ നാളുകൾക്ക് ശേഷം ശ്രേയസ് അയ്യർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമെന്നും റിപ്പോർട്ടുണ്ട്.