
ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിലെ പുൽനാമ്പുകൾക്ക് ഇന്ന് തീപിടിക്കും. ഇന്ത്യൻ ഫുട്ബോളിലെ പ്രബല ശക്തികളെന്ന് അറിയപ്പെടുന്ന കേരളവും വെസ്റ്റ് ബംഗാളും തമ്മിലാണ് സന്തോഷ് ട്രോഫിയിലെ കലാശപ്പോരിൽ ഏറ്റുമുട്ടുന്നത്. ഒറ്റവാക്കിൽ പറഞ്ഞാൽ 'ഇന്ത്യൻ എൽ ക്ലാസിക്കോ' പോരിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മത്സരം രാത്രി 7.30ന് ആരംഭിക്കും.
സെമിയിൽ മണിപ്പൂരിനെ 5-1ന് തകർത്ത ആത്മവിശ്വാസത്തിലാണ് മല്ലു ഗ്യാങ് ഗച്ചിബൗളിയിൽ ബൂട്ട് കെട്ടിയിറങ്ങുന്നത്. ടൂർണമെൻ്റിലുടനീളം മികച്ച ഫോമിലാണ് കേരളം പന്തു തട്ടിയത്. 10 മത്സരങ്ങളില്‍ നിന്ന് 35 ഗോളാണ് കേരളം ഇതുവരെ അടിച്ചുകൂട്ടിയത്.
അതേസമയം, സെമിയില്‍ മുന്‍ ജേതാക്കളായ സർവീസസിനെ 4-2നാണ് ബംഗാള്‍ തകര്‍ത്തത്. സന്തോഷ് ട്രോഫിയില്‍ 46 തവണ ഫൈനലിൽ കടക്കുകയും, 32 തവണ കിരീടം സ്വന്തം ഷെൽഫിൽ എത്തിക്കുകയും ചെയ്ത പാരമ്പര്യം അവർക്ക് അവകാശപ്പെടാനുണ്ട്. 2017ലാണ് ബംഗാള്‍ അവസാനമായി കിരീടം നേടിയത്. കേരളം ഇതുവരെ 15 തവണ ഫൈനലിൽ എത്തിയപ്പോൾ ഏഴു തവണയാണ് ചാംപ്യന്മാരായത്. എട്ടാം കിരീടം സ്വന്തമാക്കിയാൽ പഞ്ചാബിനൊപ്പം കിരീട നേട്ടത്തിൽ കേരളം രണ്ടാമന്മാരാകും.
നേര്‍ക്കുനേര്‍ പോരാട്ടം
ഫൈനൽ റൗണ്ടിൽ ഇരു ടീമുകളും ഇതുവരെ 32 മത്സരങ്ങളിലാണ് മുഖാമുഖം വന്നത്. 15 തവണ ബംഗാൾ ജയിച്ചപ്പോള്‍ കേരളം 9 തവണയാണ് ജയിച്ചത്. 8 മത്സരങ്ങൾ സമനിലയില്‍ അവസാനിച്ചു. എന്നാല്‍ നാലു തവണയാണ് കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത്. നാലു ഫൈനലുകളും തീരുമാനമായത് ഷൂട്ടൗട്ടിലൂടെയായിരുന്നു. 2018ലും 2021ലും സന്തോഷ് ട്രോഫിയില്‍ ബംഗാളിനെ വീഴ്‌ത്തി കേരളം ജേതാക്കളായി.
മത്സരം എപ്പോള്‍, എവിടെ കാണാം?
ഇന്ന് രാത്രി 7.30ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് കിക്കോഫ്. മത്സരം ഡിഡി സ്പോർട്‌സ് ചാനലിൽ തത്സമയം കാണാം. എസ്എസ്ഇഎൻ ആപ്പിൽ ലൈവ് സ്ട്രീമിങ്ങും ഉണ്ടാകും.