പന്തിനെ 'കോപ്പിയടിക്കുന്ന' പാക് യുവതാരം; പുത്തൻ താരോദയമായി സെയീം അയൂബ്

രണ്ട് സെഞ്ചുറികളുമായി മിന്നിയ 22കാരൻ സെയീം അയൂബിൻ്റെ (94 പന്തിൽ 101) ബാറ്റിങ് പ്രകടനമാണ് കരുത്തരായ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കിയത്
പന്തിനെ 'കോപ്പിയടിക്കുന്ന' പാക് യുവതാരം; പുത്തൻ താരോദയമായി സെയീം അയൂബ്
Published on


ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടി20 പരമ്പരയിൽ 2-0ന് കൈവിട്ടെങ്കിലും, ഏകദിന പരമ്പര 3-0ന് തൂത്തുവാരി സന്ദർശകരായ പാകിസ്ഥാൻ. രണ്ട് സെഞ്ചുറികളുമായി മിന്നിയ 22കാരൻ സെയീം അയൂബിൻ്റെ (94 പന്തിൽ 101) ബാറ്റിങ് പ്രകടനമാണ് കരുത്തരായ ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കിയത്.

ഒന്നാം ഏകദിനത്തിലും (109) മൂന്നാം ഏകദിനത്തിലും (101) സെയിം അയൂബ് ശതകങ്ങൾ നേടി പാകിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചിരുന്നു. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് വീശിയ പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. മറുപടിയായി 42 ഓവറിൽ 271 റൺസെടുക്കാനേ പ്രോട്ടീസ് പടയ്ക്ക് സാധിച്ചുള്ളൂ.

രണ്ടാം വിക്കറ്റിൽ ബാബർ അസമിനൊപ്പം (52) 114 റൺസിൻ്റെ കൂട്ടുകെട്ടും, മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാനൊപ്പം (53) 93 റൺസിൻ്റെ കൂട്ടുകെട്ടും അയൂബ് പടുത്തുയർത്തി. ചാംപ്യൻസ് ട്രോഫിയിൽ എതിരാളികൾക്ക് ഭീഷണിയായി താൻ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് സെയീം അയൂബ് നൽകുന്നത്.

അതേസമയം, ദുബായിൽ നടക്കുന്ന ഇന്ത്യ-പാക് ചാംപ്യൻസ് ട്രോഫി മത്സരത്തിൽ ഈ യുവ ബാറ്ററെ പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർ ആവനാഴിയിലെ സകല അസ്ത്രങ്ങളും പ്രയോഗിക്കേണ്ടി വരും. ബുമ്ര vs സെയീം അയൂബ് പോരാട്ടവും വാശിയേറിയതായി മാറുമെന്നുറപ്പാണ്. 

പാകിസ്ഥാൻ സൂപ്പർ ലീഗിലും (PSL) കരീബിയൻ പ്രീമിയർ ലീഗിലും (CPL) 'നോ ലുക്ക്' ക്രിക്കറ്റ് ഷോട്ടുകളാൽ പ്രശസ്തനായതോടെയാണ് സെയീം അയൂബിന് പാക് ദേശീയ ടീമിലേക്ക് വിളി വരുന്നത്. നേരത്തെ ഒരേ തരം ഷോട്ടുകൾ ആവർത്തിച്ചു കളിക്കുന്നുവെന്ന് വരെ സീനിയർ ക്രിക്കറ്റ് പണ്ഡിറ്റുകൾ താരത്തെ വിമർശിച്ചിരുന്നു. ഐപിഎല്ലിൽ ഏറ്റവും വിലമതിക്കുന്ന താരമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെയാണ് അയൂബ് ആരാധിക്കുന്നത്. പന്തിൻ്റെ ഷോട്ടുകൾക്ക് സമാനമാണ് സെയീമിൻ്റെ ബാറ്റിങ്ങും.

ബൗളിങ്ങിനെ അതിരറ്റു സഹായിക്കുന്ന ദക്ഷിണാഫ്രിക്കൻ പിച്ചിൽ സഞ്ജു സാംസണെ പോലെ പ്രതിഭ തെളിയിച്ചിരിക്കുകയാണ് അയൂബ്. റിഷഭ് പന്തിനെ പോലെ അൺ കൺവെൻഷണൽ ക്രിക്കറ്റിങ് ഷോട്ടുകളെ ആരാധിക്കുന്ന, മനോഹരമായ ക്ലാസിക് ക്രിക്കറ്റ് ഷോട്ടുകളും കൈമുതലായുള്ള പ്രതിഭയാണ് ഈ 22കാരൻ. ഭാവിയിൽ പാക് ക്രിക്കറ്റിൽ ബാബർ അസമിൻ്റെ പകരക്കാരനാകാൻ ശേഷിയുണ്ട് സയീം അയൂബിന്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com