ന്യൂസ് മലയാളത്തിന്റെ ഓണം സ്പെഷ്യൽ പരിപാടിയായ കുടുംബ ശ്രീയിൽ സംസാരിക്കവെയായിരുന്നു ചീഫ് സെക്രട്ടറിയുടെ തുറന്നുപറച്ചിൽ
കുടുംബശ്രീ മിഷന്റെ തലപ്പത്തിരുന്ന ആറ് വർഷക്കാലമാണ് ജീവിതത്തിൽ ഏറ്റവും സമ്മർദ്ദം അനുഭവിച്ചിട്ടുള്ള കാലമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. സാധാരണക്കാരായ സ്ത്രീകളുടെ പ്രതിസന്ധികൾ അധികാരകേന്ദ്രങ്ങളിലെത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. സ്ത്രീസമത്വത്തിന്റെ കാര്യത്തിൽ കേരളം ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ശാരദാ മുരളീധരൻ അഭിപ്രായപ്പെട്ടു. ന്യൂസ് മലയാളത്തിന്റെ ഓണം സ്പെഷ്യൽ പരിപാടിയായ കുടുംബ ശ്രീയിൽ സംസാരിക്കവെയായിരുന്നു ചീഫ് സെക്രട്ടറിയുടെ തുറന്നുപറച്ചിൽ.
കുടുംബശ്രീ കാലഘട്ടത്തിലെ സമ്മർദം കുടുംബത്തിലേക്കും വ്യാപിക്കുന്ന സ്ഥിതിയുണ്ടായിരുന്നെന്ന ശാരദ മുരളീധരൻ്റെ പ്രസ്താവന മുൻ ചീഫ് സെക്രട്ടറിയും ജീവിത പങ്കാളിയുമായ ഡോ.വി. വേണുവും ശരിവച്ചു. സ്ത്രീശാക്തീകരണമെന്ന ലക്ഷ്യത്തിലേക്ക് കുടുംബശ്രീ പൂർണ തോതിൽ വളർന്നിട്ടില്ല. ഭരണ ഉദ്യോഗസ്ഥ സംവിധാനങ്ങളിലേക്കൊക്കെ ഇനിയും സ്ത്രീകൾക്ക് കൂടുതൽ ഇടം വേണം. അതിനുള്ള അടിത്തറയാകണം കുടുംബശ്രീ. സ്ത്രീ സമത്വത്തിന്റെ കാര്യത്തിൽ ഇനിയും കേരളം ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ശാരദാ മുരളീധരൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് അസംഘടിത മേഖലയുടെ അരക്ഷിതാവസ്ഥയുടെ ചിത്രം വ്യക്തമാക്കുന്നു. ധീരമായി പ്രതികരിക്കുന്നവരെ വ്യക്തിഹത്യ ചെയ്യുകയും കൂട്ടത്തിൽ നിന്ന് ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. കുടുംബശ്രീയിലും താനിത് കണ്ടതാണ്. ഒരു പദ്ധതിയുടെ നല്ല വശങ്ങളും മോശം വശങ്ങളും ഒരു പോലെ നോക്കി വിലയിരുത്തിയ ശേഷമാകണം വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും ശാരദാമുരളീധരൻ പറഞ്ഞു.