"വാക്സിന് പോരായ്മയില്ല, ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിരുന്നു"; പേവിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ചതില്‍ SAT ആശുപത്രി അധികൃതര്‍

എസ്എടിയിൽ എത്തുമ്പോൾ കുട്ടിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് എസ്എടി സൂപ്രണ്ട് അറിയിച്ചു
"വാക്സിന് പോരായ്മയില്ല, ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിരുന്നു"; പേവിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ചതില്‍ SAT ആശുപത്രി അധികൃതര്‍
Published on

തിരുവനന്തപുരം എസ്എടിയിൽ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചതിൽ വാക്സിന് പോരായ്മയുണ്ടെന്ന് പറയാനാവില്ലെന്ന് ആശുപത്രി അധികൃതർ. വാക്സിൻ നൽകുന്നവർ കൃത്യമായ പരിശീലനം നേടിയവരാണ്. വാക്സിൻ സൂക്ഷിക്കുന്നതു സംബന്ധിച്ചും ആശങ്ക വേണ്ടെന്ന് ഡിഎംഇ ഡോ. വിശ്വനാഥ് വ്യക്തമാക്കി. കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയാത്തത് ദൗർഭാഗ്യകരമായ കാര്യമാണെന്നും എസ്എടി സൂപ്രണ്ട് ഡോ.എസ്. ബിന്ദു അറിയിച്ചു.

പട്ടി കടിച്ച അന്ന് തന്നെ കുട്ടിക്ക് വാക്സിൻ നൽകിയിരുന്നുവെന്ന് ഡോ. എസ്. ബിന്ദു പറഞ്ഞു. എസ്എടിയിൽ എത്തുമ്പോൾ കുട്ടിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തിരുന്നു. കുട്ടിയുടെ ഞരമ്പിനേറ്റ കടി ആഴമേറിയതായിരുന്നുവെന്നും എസ്എടി സൂപ്രണ്ട് അറിയിച്ചു. വാക്സിൻ എഫക്ട് ചെയ്യുന്നതിനു മുൻപ് വൈറസ് തലച്ചോറിൽ എത്തിയിരിക്കാം. കുട്ടിയുടെ അമ്മയെ ക്വാറൻ്റൈൻ ചെയ്യേണ്ടതില്ലെന്നും സൂപ്രണ്ട് കൂട്ടിച്ചേ‍ർത്തു.

വാക്സിനുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമെന്ന് ഡിഎംഇ ഡോ. വിശ്വനാഥ് അറിയിച്ചു. വാക്സിൻ എടുത്തിട്ടും എന്തുകൊണ്ട് മരണം സംഭവിച്ചുവെന്ന് പരിശോധിക്കും. വാക്സിനെ ഭയക്കേണ്ടതില്ല. അതാണ് പ്രധാന ചികിത്സ. മാനദണ്ഡമനുസരിച്ചാണ് വാക്സിൻ സൂക്ഷിക്കുന്നത്. തെരുവു നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്നും മാനദണ്ഡം അനുസരിച്ചാണ് ചികിത്സ നൽകുന്നതെന്നും ഡിഎംഇ വ്യക്തമാക്കി.

ഇന്ന് പുലർച്ചെ രണ്ട് മണിയോട് കൂടിയാണ് കൊല്ലം വിളക്കുടി സ്വദേശിനി നിയ ഫൈസൽ പേവിഷബാധയെ തുടർന്ന് മരിച്ചത്. മൂന്ന് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ ഏൽക്കുകയായിരുന്നു. ഏപ്രിൽ എട്ടിനാണ് പെൺകുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. ആദ്യം പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലുമായി പ്രാഥമിക ചികിത്സ നൽകുകയും പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ആരോ​ഗ്യനില വഷളായതിനെ തുടർന്നാണ് തിരുവനന്തപുരം എസ്എടിയിൽ എത്തിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് നിയ മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com