'സ്വാതന്ത്ര്യ സമരവുമായി സവർക്കർക്ക് ഒരു ബന്ധവുമില്ല'; ഗവർണറുടെ പ്രസംഗത്തിനെതിരെ സിപിഐഎം നേതാക്കള്‍

സവർക്കറെ കുറിച്ച് ഗവർണർ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പ്രതികരണം
'സ്വാതന്ത്ര്യ സമരവുമായി സവർക്കർക്ക് ഒരു ബന്ധവുമില്ല'; ഗവർണറുടെ പ്രസംഗത്തിനെതിരെ സിപിഐഎം നേതാക്കള്‍
Published on

സവർക്കർ രാജ്യദ്രോഹിയല്ലെന്ന ഗവർണർ രാജേന്ദ്ര അർലേക്കറുടെ നിലപാടിന് എതിരെ സിപിഐഎം. സ്വാതന്ത്ര്യ സമരവുമായി സവർക്കർക്ക് ഒരു ബന്ധവുമില്ല എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം. ആറ് തവണ മാപ്പ് എഴുതിക്കൊടുത്ത് മോചിതനായ വ്യക്തിയാണ് സവർക്കർ. ഇഎംഎസ് അല്ല ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും യോജിപ്പില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കാലിക്കറ്റ് സർവകലാശാലയിലായിരുന്നു ​ഗവർണറുടെ 'സവർക്കർ' പ്രസം​ഗം.

സവർക്കറെ കുറിച്ച് ഗവർണർ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ പ്രതികരണം. ആദ്യ കാലത്ത് കടുത്ത ഇടതുപക്ഷ നിലപാടുണ്ടായിരുന്ന ആളാണ് സവർക്കർ. പിന്നീടാണ് ആർഎസ്എസിനൊപ്പം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ ശക്തമായി എതിർത്തതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.​ ഗവർണറുടെ പ്രസംഗത്തിൽ‌ ഇപ്പോൾ എതിർ നിലപാട് എടുക്കേണ്ട കാര്യമില്ലെന്നാണ് ഇടത് മുന്നണി കൺവീനർ ടി.പി. രാമകൃഷ്ണന്റെ നിലപാട്. ഭരണപരമായ കാര്യങ്ങളിൽ ഗവർണർ രാഷ്ട്രീയം കലർത്തുന്നുണ്ടോ എന്നാണ് അറിയേണ്ടത്. ഗവർണർക്ക് മുൻപുണ്ടായ രാഷ്ട്രീയമാവാം പ്രസംഗത്തിന് പിന്നിലെന്നായിരുന്നു ടി.പി. രാമകൃഷ്ണന്റെ പ്രതികരണം.

സവർക്കർ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നുമായിരുന്നു ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ പ്രസം​ഗം. കാലിക്കറ്റ് സർവകലാശാലയ്ക്കു മുൻപിൽ സ്ഥാപിച്ച എസ്എഫ്ഐ ബാനറിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു ഗവര്‍ണറുടെ പ്രസ്താവന. 'സവർക്കറെയല്ല, ചാൻസലറെയാണ് വേണ്ടത്’ എന്നായിരുന്നു എസ്എഫ്ഐ ബാനറിൽ എഴുതിയിരുന്നത്. ഇത്തരത്തിലുള്ള ബാനറുകള്‍ ക്യാംപസുകളില്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും വൈസ് ചാന്‍സലർക്ക് ഗവർണർ നിർദേശം നല്‍കി.

അതേസമയം, ബി.ആർ. അംബേദ്ക്കറിനെ ഓർമിപ്പിച്ചായിരുന്നു ഇന്നത്തെ ഗവർണറുടെ പ്രസം​ഗം. അദ്ദേഹത്തിന്റെ ത്യാഗപൂർണമായ ജീവിതം ഓർക്കണം. ദളിത് സമൂഹം മാത്രമാണ് അദ്ദേഹത്തിന്റെ ജന്മവാർഷികം ആഘോഷിക്കുന്നത്. ജാതിക്കും മതത്തിനും അതീതമായി ആഘോഷിക്കപ്പെടേണ്ടയാളാണ് അംബേദ്കർ. എല്ലാവരും അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചിരിക്കണമെന്നും ​ഗവ‍ർണ‍ർ പറഞ്ഞു. ദളിത് പ്രോഗ്രസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ​ഗവർണർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com