വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള വിദഗ്ധ സംഘവും 50 അംഗ ആർആർടി ടീമും പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്
മലപ്പുറം കാളികാവിൽ റബർ ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ച കടുവയ്ക്കായി ഇന്ന് ഡ്രോൺ അടക്കമുള്ള സജ്ജീകരങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചിൽ. വനം വകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകളും ക്യാമറകളും സ്ഥാപിച്ചു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ള വിദഗ്ധ സംഘവും 50 അംഗ ആർആർടി സംഘവും പ്രദേശത്ത് ക്യാംപ് ചെയ്യുകയാണ്.
ഇന്നലെതന്നെ പ്രദേശത്ത് 50ഓളം ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകളിൽ കടുവയുടെ സാന്നിധ്യമുണ്ടോ എന്നാകും ആദ്യം പരിശോധിക്കുക. കടുവയുടെ സഞ്ചാരപാത മനസിലാക്കിയ ശേഷമാകും കൂടുതൽ തെരച്ചിലിനായി ആർആർടി സംഘം ഇറങ്ങുക. കുങ്കി ആനകളെ ഉപയോഗിച്ചും തെരച്ചിൽ നടത്താനാണ് തീരുമാനം. ഇതിനായി മുത്തങ്ങയിൽ നിന്ന് ഇന്നലെ ഒരു ആനയെ എത്തിച്ചിരുന്നു. മറ്റൊരു ആന കൂടി ഇന്ന് എത്തും. രാത്രിയിലേക്ക് തെരച്ചിൽ നീളുകയാണെങ്കിൽ ഡ്രോൺ ഉപയോഗിച്ചും പരിശോധന തുടരും.
Also Read: കാളികാവിലെ കടുവാ ആക്രമണം: റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി
മലപ്പുറം കാളികാവ് കല്ലാമൂല സ്വദേശി ഗഫൂറിനെയാണ് ഇന്നലെ രാവിലെ റബ്ബർ ടാപ്പിങ്ങിനിടെ കടുവ അക്രമിച്ച് കൊലപ്പെടുത്തിയത്. കടുവ പുറകുവശത്തിലൂടെ ഗഫൂറിനു നേരെ ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.
Also Read: കാളികാവിലെ കടുവാ ആക്രമണം; കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം
കൊല്ലപ്പെട്ട ഗഫൂറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ 10 ലക്ഷം രൂപ വനംവകുപ്പും നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയുമാണ് നല്‍കുക. അഞ്ച് ലക്ഷം രൂപ വനംവകുപ്പ് വെള്ളിയാഴ്ച കുടുംബത്തിന് കൈമാറും. ഗഫൂറിന്റെ കുടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നാണ് നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ധനിക് ലാല്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തില്‍ സ്ഥലം എംഎല്‍എയോടും ഉന്നത ഉദ്യോഗസ്ഥരോടും സംസാരിച്ച വനം മന്ത്രി എ.കെ. ശശീന്ദ്രൻ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.