കാണാതായ മറ്റ് ആറു പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്
തെലങ്കാനയിലെ നാഗർകുർണൂലിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ രണ്ടാമത്തെ ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ആകെ കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം രണ്ടായി. എന്നാൽ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റ് ആറു പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ഫെബ്രുവരി 22-നാണ് ടണൽ ഇടിഞ്ഞു വീണ് എട്ട് തൊഴിലാളികൾ കുടുങ്ങിയത്. 16 ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ഒരു തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തത്. ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനം ദുർഘടമായപ്പോൾ തന്നെ തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യതകളെല്ലാം മങ്ങിയിരുന്നു. പിന്നിടുള്ള ശ്രമം തുരങ്കത്തിനകത്ത് അവശേഷിക്കുന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമം ഊർജിതമായി തുടരുക എന്നതായി മാറുകയായിരുന്നു.
അപകടം നടന്നതിന് പിന്നാലെ ടണൽ നിർമാണവുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കനിർമാണ പദ്ധതികളിലൊന്നാണ് നാഗർകുർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പദ്ധതിയുടെ ഭാഗമായി നിർമാണത്തിലിരുന്ന തുരങ്കം.ജയപ്രകാശ് അസോസിയേറ്റ്സ് ലിമിറ്റഡായിരുന്നു പദ്ധതി കമ്മിഷൻ ചെയ്തത്. തെലങ്കാന സർക്കാർ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് ഏതെങ്കിലും ശാസ്ത്രീയ പഠനമോ, വിശകലനമോ നടത്തിയതായുള്ള ഓഡിറ്റ് രേഖകൾ ലഭ്യമല്ലെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്.
സമഗ്രമായ ശാസ്ത്രീയ വിലയിരുത്തലുകളില്ലാതെ ആണ് പദ്ധതി മുന്നോട്ട് പോയതെന്നും, കോൺട്രാക്ടർമാരുടെ ആവർത്തിച്ചുള്ള മാറ്റങ്ങളും,ഉത്ഖനന രീതികളിലെ മാറ്റങ്ങളും കാലതാമസവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചെന്നും സിഎജി റിപ്പോർട്ടിലുണ്ട്. തുരങ്ക നിർമ്മാണത്തിൽ കൃത്യമായ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും പാലിച്ചിട്ടില്ലെന്നും സിഎജി റിപ്പോർട്ട് ആരോപിക്കുന്നു.
നിർമാണ പ്രവർത്തികളിൽ ഉദേശിച്ച ലക്ഷ്യം കൈവരിക്കാതെ 66.09 കോടി രൂപയുടെ പാഴ് ചെലവുണ്ടായതായും 2023-ലെ സിഎജി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ കണ്ടെത്തലുകളെയെല്ലാം തെലങ്കാന സർക്കാർ തള്ളുകയാണുണ്ടായത്.