
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തെറ്റുതിരുത്താൻ സ്വയം വിമർശനം നടത്തി സിപിഎം സംസ്ഥാന കമ്മിറ്റി. പാർട്ടി പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലെന്നും, പാർട്ടി പ്രവർത്തകർക്ക് പ്രദേശത്തെ വീടുകളുമായി ബന്ധമില്ലാത്ത അവസ്ഥയായെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച കരട് തെറ്റുതിരുത്തൽ രേഖയിൽ പറയുന്നു.
സിപിഎമ്മിൻ്റെ അടിസ്ഥാന വോട്ടു ബാങ്കായ ഹൈന്ദവ വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നുപോകുന്ന സ്ഥിതിക്ക് അടിയന്തരമായി മാറ്റമുണ്ടാക്കണം, സംസ്ഥാന സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കണം, ക്ഷേമ പെൻഷനുകളുടെ കുടിശ്ശിക വേഗം തീർക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് കരട് തെറ്റുതിരുത്തൽ രേഖയിലുള്ളത്. സംസ്ഥാന കമ്മിറ്റി യോഗം ഇന്നും തുടരും.
മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് കേഡർമാരെ കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന ഗുരുതരമായ സ്വയംവിമർശനമാണ് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച കരട് തെറ്റുതിരുത്തൽ രേഖയിലുള്ളത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ആളുകളെ കിട്ടാത്ത അവസ്ഥ കാരണം ജനങ്ങളിൽ നിന്ന് പാർട്ടി അകലുകയാണ്. പ്രദേശത്തെ വീടുകളുമായി മുൻകാലത്തെ പോലെ പാർട്ടി പ്രവർത്തകർക്ക് ബന്ധം ഇല്ലാതായി. ഇതിന് പരിഹാരം കാണാതെ മുന്നോട്ട് പോകാനാവില്ലെന്നും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.
നഷ്ടമായ ജനസ്വാധീനം തിരികെ പിടിക്കാനാകണമെന്നും രേഖയിൽ നിർദേശമുണ്ട്. പാർട്ടിയുടെ അടിസ്ഥാനവും, അടിസ്ഥാന വോട്ട് ബാങ്കും മതേതര ഹൈന്ദവ സമൂഹമാണ്. ആ വോട്ടുകൾ വർഗീയമായി തെറ്റിദ്ധരിപ്പിച്ച് ബിജെപി സ്വന്തമാക്കുന്നതാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. ഇങ്ങനെ നഷ്ടമായ വോട്ടുകൾ തിരികെയെത്തിക്കാൻ ഊർജിതമായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തു.
ക്ഷേത്രങ്ങളിലും, കലാരൂപങ്ങളിലും, ക്രൈസ്തവ-മുസ്ലീം ആരാധാനാലയങ്ങളിലുമെല്ലാം വർഗീയ ശക്തികൾ കടന്നുകയറുന്നത് തടയണം. ക്ഷേമ പെൻഷൻ കുടിശ്ശിക വേഗത്തിൽ കൊടുത്ത് തീർക്കണമെന്നും രേഖയിൽ നിർദേശിക്കുന്നു. വികസന പദ്ധതികൾ മുടങ്ങികിടക്കുന്ന സ്ഥിതി ജനങ്ങൾക്കിടയിൽ മോശം അഭിപ്രായം രൂപീകരിക്കപ്പെടാൻ കാരണമാകുന്നുണ്ട്.
സമയബന്ധിതമായി വികസന പദ്ധതികൾ പൂർത്തിയാക്കണം. സാമ്പത്തിക അച്ചടക്കം പാലിക്കാനും, ധൂർത്ത് ഒഴിവാക്കാനും സർക്കാർ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചർച്ചകൾക്ക് ശേഷം മാർഗരേഖ അംഗീകരിച്ച് തെറ്റുതിരുത്തൽ നടപടികളിലേക്ക് സിപിഎം കടക്കും.